ചോദ്യം ചെയ്യലിനിടെ ആത്മഹത്യ ശ്രമം; നടൻ വിജയകുമാറിനെ കുറ്റവിമുക്തനാക്കി കോടതി

news image
Jan 13, 2023, 4:27 pm GMT+0000 payyolionline.in

കൊച്ചി: ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കാക്കനാട്ട് മജിസ്ടേറ്റ് കോടതിയുടെ നടപടി. 2009 ഫെബ്രുവരി 11-നായിരുന്നു കേസിന് ആസ്പ‍ദമായ സംഭവം നടന്നത്. 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ ചോദ്യം ചെയ്യാനായി നടൻ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷർ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് വിജയ് കുമാര്‍ ആത്മഹത്യാശ്രമം നടത്തിയത്.

സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം.  പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം നടത്തിയതിനും ആത്മഹത്യ ശ്രമത്തിനുമായിരുന്നു വിജയകുമാറിന് എതിരായ കേസ്. എന്നാൽ കോടതിയിൽ കേസ് സംശയാതീതമായി തെളിയിക്കാൻ പൊലീസിനായില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാർ. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂർ കോടതി നേരത്തെ തള്ളിയിരുന്നു. ഇവയടക്കം അഞ്ച് കേസുകളാണ് വിജയകുമാറിനെതിരെ ഉണ്ടായിരുന്നത്. എല്ലാ കേസുകളിലും കോടതി കുറ്റവിമുക്തനാക്കിയെന്ന് വിജയകുമാർ അറിയിച്ചു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്‍റെ പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയകുമാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe