വടകര: ദേശീയപാതയുടെ പണി നടക്കുന്ന ചോമ്പാൽ ഹാർബർ റോഡിനു സമീപം വീണ്ടും മണ്ണിടിഞ്ഞു. രണ്ടാഴ്ച മുൻപ് മണ്ണിടിച്ചിലുണ്ടായ ഈ ഭാഗത്ത് സുരക്ഷാ നടപടികൾ ഒരുക്കണമെന്ന ആവശ്യമുയരുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. 20 മീറ്ററോളം ഉയരത്തിൽ റോഡിന്റെ 100 മീറ്റർ ഭാഗത്ത് മണ്ണ് വീണിട്ടുണ്ട്. ഇത് റോഡിന്റെ ഒരു ഭാഗത്ത് കിടക്കുകയാണ്.
ഉയരത്തിലുള്ള ഭാഗത്തെ 2 വീടുകൾ ഭീഷണിയിലാണ്. ഇവരോട് മാറി താമസിക്കാൻ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും രേഖാ മൂലം ആവശ്യപ്പെടാത്തതു കൊണ്ട് മാറിയിട്ടില്ല. കൂടുതൽ ഭാഗത്ത് മണ്ണ് ഇടിയാൻ തുടങ്ങിയതോടെ പരിസരത്തുള്ളവർ ആശങ്കയിലായി.നേരത്തേ മണ്ണ് ഇടിഞ്ഞപ്പോൾ കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഒരുക്കണമെന്ന് കലക്ടറോടും ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതു മൂലം കൂടുതൽ ഭാഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും ഏറെ സ്ഥലം ഇടിയാൻ പാകത്തിലാണ്.