ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി: സൈബി ജോസിനെതിരെ കേസ്; വഞ്ചനാക്കുറ്റം ചുമത്തി

news image
Feb 1, 2023, 2:52 pm GMT+0000 payyolionline.in

കൊച്ചി∙ ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.

സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി. കേസിൽ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമ്മിഷണറെയാണ്. ഡിജിപിയുടെ നിർദേശിക്കുന്നത് അനുസരിച്ച്  കേസന്വേഷണത്തിനു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും.

സൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതില്‍ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസം പൊലീസിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിർദേശപ്രകാരമായിരുന്നു നിയമോപദേശം നൽകിയത്.

അതേസമയം, ചില വ്യക്തികളാണ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതലാണ് ഇത് തുടങ്ങിയത്. പരാതിക്കാരോ എതിര്‍കക്ഷിയോ ഇല്ല. ഗൂഢാലോചനക്കാരുടെ മൊഴി മാത്രമാണ് ഉള്ളതെന്നും സത്യം ജയിക്കുമെന്നും സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe