ജയിലിലെ കഞ്ചാവ് കടത്ത്: ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടിക്കു ശുപാർശ

news image
Oct 7, 2022, 4:07 am GMT+0000 payyolionline.in

തിരുവനന്തപുരം:കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ സൂപ്രണ്ട് ആർ.സാജനെ സസ്പെൻഡ് ചെയ്യാനും ഉത്തരമേഖലാ ഡിഐജി സാം തങ്കയ്യനെതിരെ വകുപ്പുതല നടപടിയെടുക്കാനും ശുപാർശ ചെയ്ത് ജയിൽ ഡിജിപി സുദേഷ്കുമാർ ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് നൽകി.

കഴിഞ്ഞ മാസം 16ന് ആണു കണ്ണൂർ സെൻട്രൽ ജയിലിൽ 3 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ജയിൽ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേന ഗുഡ്സ് ഓട്ടോയിൽ എത്തിക്കുകയായിരുന്നു. ലഹരിമരുന്നു കേസിൽ അകത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അഷ്റഫിനു വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്തി. എന്നാൽ ജയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ്കടത്തു പിടിച്ചിട്ടും ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. ജയിൽ ആസ്ഥാനത്തും അറിയിച്ചില്ല.

ജയിലിൽ എന്തു നിയമലംഘനം നടന്നാലും അന്നു തന്നെ ലോക്കൽ പൊലീസിലും ജയിൽ ആസ്ഥാനത്തും റിപ്പോർട്ട് ചെയ്യണമെന്നാണു നിയമം. ഒരാഴ്ചയ്ക്കുശേഷം മലയാള മനോരമ ഇക്കാര്യം പുറത്തുവിട്ടപ്പോഴാണു ജയിൽ അധികൃതർ പൊലീസിനെ അറിയിച്ചത്. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ഒതുക്കിവച്ചതു സൂപ്രണ്ടിന്റെ ഗുരുതര വീഴ്ചയാണെന്നു ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലിനുള്ളിലേക്ക് ഒരു വാഹനം കടത്തിവിടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. ഇതു സംബന്ധിച്ചു ഡിജിപിയുടെ രേഖാമൂലമുള്ള നിർദേശവും നിലവിലുണ്ട്. ഇതൊന്നും പാലിക്കപ്പെട്ടില്ല.

തന്റെ മേഖലയിലെ പ്രധാനപ്പെട്ട ജയിലിൽ കൃത്യമായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ ഡിഐജി പരാജയപ്പെട്ടു. ക‍ഞ്ചാവ്കടത്തു പിടിച്ച വിവരമറിഞ്ഞപ്പോൾ ഡിഐജി വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കഞ്ചാവ്കടത്തുമായി ബന്ധപ്പെട്ടു ഡിഐജിയെ ഒഴിവാക്കി നിർത്തിയുള്ള അന്വേഷണമാണു ഡിജിപി നടത്തിയത്. പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് കൂടി ശേഖരിച്ചാണ് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറിയത്.

കണ്ണൂരിലെ സംഭവത്തെത്തുടർന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഡിഐജിയെയും സൂപ്രണ്ടിനെയും കടുത്ത ഭാഷയിലാണ് യോഗത്തിൽ വിമർശിച്ചത്. വിദേശത്തുള്ള മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

ലഹരി വിവരം നൽകാൻ പൊലീസ് ആപ്പ്

തിരുവനന്തപുരം ∙ ലഹരിമരുന്ന് ഉപയോഗവും കടത്തും ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ് വഴി വിവരങ്ങൾ നൽകാം. ഇവരുടെ വ്യക്തിഗത വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തില്ല.

ആപ്പിലെ സർവീസസ് എന്ന വിഭാഗത്തിൽ മോർ സർവീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ടു അസ് എന്ന വിഭാഗത്തിൽ എത്തും. ഇവിടെ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാനുള്ള ലിങ്ക് കാണാം. ഈ ലിങ്ക് വഴി ലഭിക്കുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച രഹസ്യ വിവരം നൽകാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe