ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബർ എട്ടു മുതൽ 10 വരെ ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടും. സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകൾ അടച്ചിടുന്നത്. 25ലധികം രാഷ്ട്രത്തലവന്മാരും ആഗോള സ്ഥാപന നേതാക്കളും ഉൾപ്പെടുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്.
മോട്ടി ബാഗ്, ഭിക്കാജി കാമ പ്ലേസ്, മുനീർക്ക, ആർ.കെ പുരം, ഐ.ഐ.ടി, സദർ ബസാർ കന്റോൺമെന്റ് സ്റ്റേഷനുകളിൽ ഗതാഗതം പൂർണമായും നിർത്തിവെക്കുമെന്ന് പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയില്ല. വേദിക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷനായ സുപ്രീം കോടതി മെട്രോ സ്‌റ്റേഷൻ പൂർണമായും അടഞ്ഞുകിടക്കും. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയവ ഒഴികെയുള്ള സ്ഥലങ്ങളിൽ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കും.
gസെപ്തംബർ ഏഴിന് രാത്രി മുതൽ 11ന് വൈകിട്ട് വരെ ഡൽഹി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരോട് മെട്രോ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, എല്ലാ ഗതാഗത നിയന്ത്രണങ്ങളും സെപ്റ്റംബർ ഏഴിന് രാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്നും സെപ്റ്റംബർ 11 വരെ നിലനിൽക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.