ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി ഷെയർചാറ്റും

news image
Dec 5, 2022, 8:18 am GMT+0000 payyolionline.in

ദില്ലി: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണിപ്പോൾ. ഇതിന് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കാൻ ഒരുങ്ങുകയാണ് ഷെയർചാറ്റും. ആകെ ജീവനക്കാരുടെ അഞ്ചുശതമാനം  വെട്ടിക്കുറച്ചുവെന്നാണ് ഇന്ത്യൻ സോഷ്യൽ മീഡിയ കമ്പനിയായ ഷെയർ ചാറ്റിനെ സംബന്ധിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ ഫാന്റസി സ്‌പോർട്സ് പ്ലാറ്റ്‌ഫോമായ ‘ജീത്ത് ഇലവൻ’ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചത്.

ഡ്രീം ഇലവൻ, എം.പി.എൽ എന്നീ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയായി ആയിരുന്നു ‘ജീത്ത് ഇലവൻ’ ആരംഭിച്ചത്. 2300 ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. ഇതിൽ നൂറോളം പേരെ കമ്പനി പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട്. നിലവിൽ 40 കോടി ഷെയർ ചാറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 18 കോടി സജീവ ഉപയോക്താക്കളാണ്. അൻകുഷ് സച്ച്‌ദേവ, ഭാനു പ്രതാപ് സിങ്, ഫാരിദ് അഹ്‌സൻ എന്നിവർ ചേർന്ന് 2015ലാണ് ഷെയർചാറ്റ് ആരംഭിച്ചത്. കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ഷെയര്‌‍ചാറ്റ് ഉപയോക്താക്കൾക്ക് സ്വന്തം കണ്ടന്റ് നിർമിക്കാനുള്ള അവസരം വൈകാതെ നൽകുകയായിരുന്നു.

ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ  എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക  നിലനിൽക്കുന്ന സാഹചര്യത്തിൽ ഏകദേശം ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.

ദി ഇൻഫർമേഷന്റെ റിപ്പോർട്ട് പ്രകാരം  പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തും. ഇത് വഴി ജീവനക്കാരെ റാങ്ക് ചെയ്യാനാകും. 2023 ന്റെ തുടക്കത്തോടെ ഏറ്റവും മോശം എന്ന് തോന്നുന്ന ജീവനക്കാരെ കമ്പനി പുറത്താക്കും. ഇതിനായി പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ.

ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന റേറ്റിങ് ഓപ്ഷൻ വഴിയാണ് മേധാവികൾക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാൻ കഴിയുക. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണസും മറ്റ് ഗ്രാന്റുകളും നൽകുന്നത്. ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ലേണിങ് അക്കാദമിയും ഫുഡ് ഡെലിവറി സർവീസും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe