ജീവനക്കാർക്ക് വിശ്രമിക്കാം, 11 ദിവസത്തെ അവധി നൽകി മീഷോ; കാരണം ഇതാണ്

news image
Sep 22, 2022, 11:56 am GMT+0000 payyolionline.in

ദില്ലി:  ജീവനക്കാർക്ക് നീണ്ട അവധി നൽകി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ. ജീവനക്കാരുടെ മാനസികാരോഗ്യത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് അവധി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് ഒക്ടോബർ 22 മുതൽ നവംബർ 1 വരെയുള്ള 11 ദിവസത്തെ അവധിയാണ് മീഷോ നൽകിയത്.

തിരക്കേറിയ  ഉത്സവ വിൽപ്പനയ്ക്ക് ശേഷമാണ് ജീവനക്കാർക്ക് വിശ്രമത്തിനും  മാനസികാരോഗ്യം വർദ്ധിപ്പിക്കാനും മീഷോ അവധി നൽകിയത് തുടർച്ചയായി രണ്ടാം വർഷമാണ് മീഷോ ഇങ്ങനെ ജീവനക്കാർക്ക് അവധി നൽകുന്നത്.

ജീവനക്കാരെ വിശ്രമിക്കാൻ അനുവദിക്കുന്നതിലൂടെ ഉത്പാദന ക്ഷമത കൂട്ടാൻ സഹായിക്കും എന്നും ഒരു മികച്ച കമ്പനി സംസ്കാരം കെട്ടിപ്പടുക്കുന്നതിന്, ജോലിയും ജീവിതവുമായി സന്തുലിതാവസ്ഥ അത്യാവശ്യമാണെന്നും മീഷോയിലെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ആശിഷ് കുമാർ സിംഗ് പറഞ്ഞു.

അവധി അനുവദിച്ചു കഴിഞ്ഞാൽ ജീവനക്കാർക്ക് അവർക്കിഷ്ടമുള്ള രീതിയിൽ അത് ഉപയോഗിക്കാം പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, യാത്ര ചെയ്യുക അല്ലെങ്കിൽ പുതിയ ഹോബി കണ്ടെത്തുക തുടങ്ങി വിവിധ രീതിയിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താം.ഫെബ്രുവരിയിൽ, ജീവനക്കാർക്ക് എവിടെയിരുന്നും ജോലി ചെയ്യാനുള്ള അധികാരം മീഷോ നൽകിയിരുന്നു. ജീവനക്കാർക്ക് ഓഫീസിൽ നേരിട്ട് എത്താതെ വീട്ടിലോ മറ്റെവിടെയെങ്കിലും ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം മീഷോ ഒരുക്കുന്നു. ഇടവേളകളിൽ ടീമുകൾക്ക് നേരിട്ട് കാണാനും സഹകരിക്കാനും കമ്പനി അവസരമൊരുക്കിയിരുന്നു. ത്രൈമാസ ഉച്ചകോടി ഇതിന്റെ ഭാഗമായി നടത്തുന്നു. കൂടാതെ ഗോവ പോലുള്ള സ്ഥലങ്ങളിൽ വാർഷിക പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികളുള്ള ജീവനക്കാർക്ക് ഡേ കെയർ സൗകര്യങ്ങൾ സ്പോൺസർ ചെയ്യുമെന്ന് മീഷോ പ്രഖ്യാപിച്ചിരുന്നു. മീഷോയുടെ ബാംഗ്ലൂരിലെ ഹെഡ് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്രകളിലും ഇത് പ്രയോജനപ്പെടുത്താം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe