“ഞങ്ങളെയും ജീവിക്കാൻ അനുവദിക്കണം “; മൂവാറ്റുപുഴയിൽ വഴിയോര കച്ചവടക്കാരെ നേരിൽകണ്ട് വ്യാപാരികൾ

news image
Jun 24, 2023, 1:34 pm GMT+0000 payyolionline.in

മൂവാറ്റുപുഴ: “ഞങ്ങളെയും ജീവിക്കാൻ അനുവദിക്കണം “” ഈ അപേക്ഷയുമായി വഴിയോര കച്ചവടക്കാരെ നേരിൽ കാണുകയാണു നഗരത്തിലെ വ്യാപാരികൾ. മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നഗരത്തിലെ എല്ലാ വഴിയോര കച്ചവടക്കാരെയും നേരിൽ കണ്ട് നഗരത്തിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.

ഭീമമായ വാടകയും, തൊഴിലാളികളുടെ ശമ്പളവും, കൃത്യമായി നികുതിയും നൽകി വ്യാപാരം നടത്തുന്നവരെ തകർക്കുന്ന വിധത്തിലാണു ഓരോ വ്യാപാര സ്ഥാപനത്തിനു മുന്നിലും വഴിയോര കച്ചവടക്കാരുടെ എണ്ണം പെരുകുന്നത്. ഇങ്ങനെ തുടരുകയാണെങ്കിൽ വ്യാപാരികൾ കടക്കെണിയിലാകും എന്നും കടകൾ പൂട്ടിയിടേണ്ടി വരുമെന്നും ഭാരവാഹികൾ വഴിയോര കച്ചവടക്കാരെ ബോധ്യപ്പെടുത്തി.

അനധികൃത വഴിയോര കച്ചവടം തടയണം എന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്കും ജനപ്രതിനിധികൾക്കും  പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് വഴിയോര കച്ചവടം നടത്തുന്നവരെ നേരിൽ കണ്ട് വ്യാപാരികൾ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചത്.

വാടകയും മറ്റു നികുതികളും നൽകാതെ അനധികൃതമായി വഴിയോര കച്ചവടം തുടർന്നാൽ ശക്തമായ സമരങ്ങൾ നടത്തേണ്ടി വരുമെന്നും മർച്ചന്റ്സ് അസോസിയേഷൻ മുന്നറിയിപ്പു നൽകി. വഴിയോര കച്ചവടക്കാർക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ചു നൽകണമെന്നും ഇവർക്ക് യഥേഷ്ടം ഇത്തരം പ്രത്യേക കേന്ദ്രങ്ങളിൽ വ്യാപാരം നടത്താൻ അനുമതി നൽകണമെന്നുമാണ് മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe