തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക്ഫ്രം ഹോം അവസരം; പ്രഖ്യാപനുമായി എംകെ സ്റ്റാലിന്‍

news image
Dec 5, 2022, 10:52 am GMT+0000 payyolionline.in

ചെന്നൈ: പൊതു-സ്വകാര്യ മേഖലകളില്‍ ജോലിയുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അവസരം നല്‍കിയേക്കും. വര്‍ക്ക് ഫ്രം ഹോം സൌകര്യം അനുവദിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ചാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

തമിഴ്‌നാട് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും സൗജന്യ ലാപ്‌ടോപ്പും നല്‍കുമെന്നും അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച നടന്ന പരിപാടിയില്‍ എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക്‌ അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ ഉന്നതതല സമിതികളെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് വിവധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ഭിന്നശേഷിക്കാര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്ന അവസരങ്ങളാണ് സൃഷ്ടിക്കുക.
ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന പ്രതിമാസ പെന്‍ഷന്‍ ജനുവരി ഒന്നുമുതല്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 1000 രൂപയാണ് പെന്‍ഷന്‍. 4,39,315 പേര്‍ക്ക് പെന്‍ഷന്‍റെ പ്രയോജനം ലഭിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ശ്രമങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe