തരൂരിനു കത്തു നൽകാൻ സതീശനോട് ശുപാർശ ചെയ്തിട്ടില്ല: തിരുവഞ്ചൂർ

news image
Nov 26, 2022, 10:06 am GMT+0000 payyolionline.in

തിരുവനന്തപുരം∙ പാർട്ടിക്കു വഴങ്ങണമെന്നു ശശി തരൂരിനു കത്തു നൽകാൻ കെപിസിസി പ്രസിഡന്റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്നു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തെറ്റായ കാര്യമാണ് അച്ചടക്കസമിതിയുടെ പേരിൽ പ്രചരിക്കുന്നത്. അങ്ങനെയൊരു ശുപാർശ ചെയ്യേണ്ട സാഹചര്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ ഒരു പരാതിയും അച്ചടക്ക സമിതിക്കു മുൻപിൽ ഇല്ല.

 

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമുള്ള പൊതു നിർദേശം എല്ലാ നേതാക്കൾക്കുമായി നൽകാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുവേണ്ടിയാണു പൊതു നിർദേശം നൽകുന്നത്. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി വിലക്കിയതുമായി ബന്ധപ്പെട്ട് സമിതിക്കു പരാതി അയയ്ക്കുമെന്ന് എം.കെ.രാഘവൻ അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

പാർട്ടിയിലെ അച്ചടക്കത്തിന് ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. എല്ലാവരും ഒരുമിച്ചു പോകണം.

കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കാൻ തയ്യാറാണ്. പക്ഷേ അച്ചടക്കത്തിന് നിർവചനം വേണമെന്നും എം.കെ.രാഘവൻ പറഞ്ഞു.

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുന്നതെന്ന് കെ.മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ലെന്നും മുരളീധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe