ദേശീയപാത വികസനം; മൂരാടിനും പുതുപ്പണത്തിനുമിടയിൽ അടിപ്പാത സ്ഥാപിക്കണം: താലൂക്ക് വികസന സമിതി യോഗം

news image
Feb 4, 2023, 3:05 pm GMT+0000 payyolionline.in

 


വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂരാടിനും പുതുപ്പണത്തിനുമിടയിൽ അടിപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പാത വികസനം യാഥാർഥ്യ മാവുന്നത്തോടെ അടിപ്പാത ഇല്ലാത്ത സ്ഥിതി വന്നാൽ ഇരുഭാഗത്തുമുള്ളവർക്ക് യാത്ര ക്ലേശകരമാവുമെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി.പി.രാജൻ എന്നിവർ വ്യക്തമാക്കി. അടിപ്പാതയ്ക്കായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്.

ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് പോകാൻ കിലോമീറ്റർ ദൂരത്തിൽ ചുറ്റി പോവേണ്ട അവസ്ഥവരും. മുക്കാളിയിൽ മുടങ്ങിയ അടിപ്പാത നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. വടകര നഗരസഭയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുകൾ പൂഴ്ത്തിയ നടപടിയിൽ സമിതി യോഗത്തിൽ പരക്കെ വിമർശനം ഉയർന്നു. പേര് പുറത്തു വിടാത്ത നടപടിയിൽ ദുരൂഹത നിലനിൽക്കുന്നതായി ആക്ഷേപമുയർന്നു. വടകര എസ്. പി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും, ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സമിതി യോഗത്തിൽ ആവശ്യമുയർന്നു. ജീവൻ പണയം വെച്ചാണ് ഈ ഓഫീസിലെ ജീവനക്കാർ ജോലി ചെയ്യുന്നത്. ആവശ്യത്തിന് ജോലിക്കാരോ സ്വന്തമായി വാഹനവുമില്ല. വികസന സമിതി യോഗത്തിൽ പങ്കെടുക്കേണ്ട പല വകുപ്പ് മേധാവികളും വരാതിരിക്കുന്നത് സമിതിയോടുള്ള അവഹേളനമാണെന്ന് സമിതി അംഗങ്ങൾ പറഞ്ഞു.

എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പത്മിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ, പ്രദീപ് ചോമ്പാല, പി.പി.രാജൻ, ടി.വി.ബാലകൃഷ്ണൻ, പി.എം.മുസ്തഫ, പറമ്പത്ത് ബാബു, സി.കെ.കരീം, വി.പി.അബ്ദുള്ള, ടി.പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe