ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബജറ്റ് സമ്മേളനത്തിനിടെ ഡൽഹി നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ കോടതികളെ ക്ഷേത്രങ്ങളായി കരുതുന്നു. അതുകൊണ്ടാണ് ഒരു ജഡ്ജി വിധി പ്രസ്താവിക്കുമ്പോൾ അത് ഒരു തരത്തിൽ ദൈവത്തിന്‍റെ പ്രവൃത്തിയായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ എന്താണോ സംഭവിച്ചത് അത് തെളിയിക്കുന്നത് അവിടെ ഭഗവാൻ കൃഷ്ണൻ ഉണ്ടായിയിരുന്നു എന്നതാണ്. ചീഫ് ജസ്റ്റിസിൽ ദൈവമുണ്ടായിരുന്നു” – കെജ്‌രിവാൾ പറഞ്ഞു.
ദുഷ്‌കരമായ സമയത്ത് “ജനാധിപത്യം രക്ഷിച്ചതിന്” സുപ്രീം കോടതിക്ക് കെജ്‌രിവാൾ നന്ദി പറഞ്ഞു. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിന്‍റെ ഫലം സുപ്രീം കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പരാമർശം.
കൂടാതെ, ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച കെജ്‌രിവാൾ ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല, തെരഞ്ഞെടുപ്പ് മോഷ്ടിക്കുകയാണെന്ന് ചെയ്യുന്നതെന്നും പറഞ്ഞു.