ധീരജ് അനുസ്മരണ സമ്മേളനത്തിന്റെ തോരണങ്ങളും ബോർഡുകളും നീക്കണമെന്ന് കോൺഗ്രസ്; പ്രതിഷേധം

news image
Jan 10, 2023, 8:09 am GMT+0000 payyolionline.in

കണ്ണൂർ: എസ്എഫ്ഐ രക്‌തസാക്ഷി ധീരജ് രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോർഡുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. തളിപ്പറമ്പ് നഗരസഭ പരിധിയിൽ സ്ഥാപിച്ച ബോർഡുകളും കൊടി തോരണങ്ങളും എടുത്ത് മാറ്റണമെന്നാണ് ആവശ്യം. കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

 

 

 

 

കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ എടുത്ത് മാറ്റിയിരുന്നു. സിപിഎമ്മിന് ബോർഡ് സ്ഥാപിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ധീരജ് അനുസ്മരണ സമ്മേളനം തളിപ്പറമ്പിൽ നിശ്ചയിച്ചിരിക്കുന്നത്.

 

ഇടുക്കി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിയായിരുന്നു എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ്. ഒരു വർഷം മുൻപാണ് ധീരജിനെ കോളേജിന് മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജനുവരി പത്തിന് ഉച്ചയോടെയാണ് ദാരുണ സംഭവമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയുടെ കത്തിമുനയിലാണ് ധീരജിന്റെ ജീവൻ പൊലിഞ്ഞത്. സംഭവത്തിൽ ധീരജിനൊപ്പമുണ്ടായിരുന്ന അഭിജിത്തിനും അമലിനും പരുക്കേറ്റിരുന്നു.  ഒന്നാം ചരമദിനത്തിൽ കോളജിനു മുന്നിലെ രക്തസാക്ഷി മണ്ഡപത്തിൽ  പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. ഇന്ന് വൈകുന്നേരം ചെറുതോണി ടൗണിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി രാജീവ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe