നവരാത്രി ആഘോഷം; ഗതാ​ഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് മമതാ ബാനർജി

news image
Sep 22, 2022, 4:47 pm GMT+0000 payyolionline.in

കൊൽക്കത്ത: ​ഗതാ​ഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ദുർ​ഗാ പൂജയ്ക്കും നവരാത്രി ആഘോഷങ്ങൾക്കും മുന്നോടിയായി നിർദ്ദേശം നൽകി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിമാർക്കും പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കുമാണ് മമതാ ബാനർജി നിർദ്ദേശം നൽകിയിരിക്കുന്നത്.

മന്ത്രി സുജിത് ബോസിന്റെ ദുർഗാ പൂജ പന്തൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മമതാ ബാനർജി. കഴിഞ്ഞ വർഷത്തെ സംഭവവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിദ്ദന​ഗറിൽ നിന്നുള്ള എംഎൽഎ ഒരുക്കിയിരുന്നത് ലോകത്തിലെ ഏറ്റവും ഉ‌യരം കൂടിയ കെട്ടിടത്തിന്റെ മാതൃകയിലുള്ള പന്തലായിരുന്നു. അതിൽ നിന്നുള്ള ലേസർ ലൈറ്റുകൾ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ചില പൈലറ്റുമാർ പരാതിപ്പെട്ടതിനെത്തുടർന്ന് ആ പന്തൽ അടച്ചുപൂട്ടുകയായിരുന്നു. പന്തൽ കാണാനെത്തുന്നരുടെ തിരക്ക് മൂലമുള്ള പ്രശ്നങ്ങൾ വേറെയുമുണ്ടായിരുന്നു.

“സുജിത് ബാബുവിനോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. റോഡുകളിൽ തടസ്സമുണ്ടാകാതെ നോക്കണം. ​ഗതാ​ഗതക്കുരുക്കിൽ അകപ്പെട്ട് ജനങ്ങൾക്ക് സമയത്ത് എത്താൻ കഴിയാതെ വിമാനയാത്രയും മറ്റും റദ്ദ് ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്. ഇവിടെ ​ഗൗരവ് ശർമ്മയാണ് പുതിയ കമ്മീഷണർ. ​ഗൗരവ് പ്രത്യേകം ശ്രദ്ധിക്കണം, അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ എന്നെ ഉടൻ വിവരമറിയിക്കണം. വേണ്ട നടപടികൾ ഉടനടി സ്വീകരിക്കുന്നതാണ്”. മമതാ ബാനർജി ശ്രീഭൂമിയിൽ പറഞ്ഞു.

“ലക്ഷക്കണക്കിന് ആളുകളാണ് ദുർ​ഗാപൂജ കാണാനെത്തുക. നിങ്ങളൊരു മന്ത്രിയാണെങ്കിൽ പൊതുജനങ്ങളെയും പരി​ഗണിക്കണം. അത് നിങ്ങളുടെ കർത്തവ്യമാണ്. ജനങ്ങൾ തെരുവുകളിൽ കൂടി നടക്കുമ്പോൾ ഞാനവരുടെ കാവൽക്കാരിയാണ്. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ നിങ്ങളോടുള്ള എന്റെ സ്വരം മാറും സുജിത് ബാബു. മമതാ ബാനർജി കൂട്ടിച്ചേർത്തു”. വ്യാഴാഴ്ചയാണ് ​ദുർ​ഗാ പൂജ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു തുടങ്ങിയത്. ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe