നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,683 വിദേശികളെ

news image
Sep 25, 2022, 10:39 am GMT+0000 payyolionline.in

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 15,945 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായവരില്‍  9,213 പേര്‍ ഇഖാമ നിയമ ലംഘകരും 4,266 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,466 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 491 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 33 ശതമാനം യെമന്‍ സ്വദേശികളാണ്. 56 ശതമാനം പേര്‍ എത്യോപ്യക്കാര്‍  11  ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 148 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ 9 പേരും അറസ്റ്റിലായി.

നിലവില്‍ 47,181 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍  44,077 പേര്‍ പുരുഷന്‍മാരും   3,104 പേര്‍ സ്ത്രീകളുമാണ്.  37,402  പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി  1,876 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 9,683 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe