നൈജീരിയയിൽ തടവിലായിരുന്ന എണ്ണക്കപ്പലിന് മോചനം; 3 മലയാളികൾ അടക്കം 16 ഇന്ത്യക്കാർ

news image
May 28, 2023, 5:58 am GMT+0000 payyolionline.in

കൊച്ചി ∙ നൈജീരിയയിൽ തടവിലുണ്ടായിരുന്ന എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുനുവിനെയും നാവികരെയും മോചിപ്പിച്ചു. കപ്പലും നാവികരും നൈജീരിയയിലെ ബോണി തുറമുഖത്തുനിന്ന് പുറപ്പെട്ടു. കപ്പലിൽ മൂന്നു മലയാളികൾ അടക്കം 16 ഇന്ത്യക്കാരാണുള്ളത്. കപ്പലിൽ ആകെ 26 ജീവനക്കാരുണ്ട്.

ശനിയാഴ്ച വൈകിട്ടോടെയാണ് ജീവനക്കാർക്ക് പാസ്‍പോർട്ട് തിരികെ ലഭിച്ചത്. അതിനു മുൻപ് തന്നെ കപ്പലിന്റെ മോചനം സാധ്യമായിരുന്നു. പാസ്‍‌പോർട്ട് ലഭിച്ചതോടെയാണ് ബോണി തുറമുഖത്തുനിന്ന് നൈജീരിയൻ സമയം അനുസരിച്ച് പുലർച്ചെ പുറപ്പെട്ടത്. നിലവിൽ ദക്ഷിണാഫ്രിക്കയിലേക്കാണ് ഇവരുടെ യാത്ര.

പത്തു ദിവസമെടുത്താകും ദക്ഷിണാഫ്രിക്കയിലെത്തുക. അതിന് ശേഷമാകും നാട്ടിലേക്കുള്ള മടക്കം. ചീഫ് ഓഫിസർ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസർ കൊല്ലം നിലമേൽ സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.

പത്തുമാസം മുൻപാണ് ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് കപ്പൽ നൈജീരിയൻ സേന തടവിലാക്കിയത്.  ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പലഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നൈജീരിയൻ കോടതി, ജീവനക്കാർ കുറ്റക്കാരല്ലെന്നും കപ്പൽ മോചിപ്പിക്കാമെന്നും ഉത്തരവിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe