ന്യൂയോർക്കിലെ ലോക കേരളസഭ: സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വിശദീകരണവുമായി സംഘാടക സമിതി

news image
Jun 2, 2023, 2:11 am GMT+0000 payyolionline.in

ന്യൂയോർക്ക്: പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. ഭാരിച്ച ചിലവാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ​ഗംഭീരമായിരിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി കെജി മന്മഥൻ നായർ പറഞ്ഞു. ഈ പരിപാടി കഴിയുമ്പോൾ ഇതിന് എവിടെ നിന്ന് പണം, എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. കേരള സർക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടില്ലെന്നും തന്നിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.

ജൂൺ 9 മുതൽ 11 വരെയാണ് ന്യൂയോർക്കിൽ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം ആറര ലക്ഷം ഡോളർ(അഞ്ചരക്കോടി)ആണ് ആവശ്യമായി വരുന്നത്. ടൈംസ് സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂർ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി ചിലവാക്കുന്നത് ഏകദേശം രണ്ടുകോടി രൂപയാണ് ചിലവ് വരുന്നത്.

അതേസമയം, ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിലെ സ്പോൺസർഷിപ്പ് പണപ്പിരിവുമായി മുന്നോട്ട് പോകാൻ തന്നെയാണ് നോർക്കയുടെ തീരുമാനം. സ്പോൺസർഷിപ്പ് അമേരിക്കൻ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് വിശദീകരണം. സർക്കാർ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോൾ നോർക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോർഡിനേറ്റർ. എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe