പഞ്ചനക്ഷത്ര ഹോട്ടലിൽ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം, ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ കാരണം അറിഞ്ഞ് ഞെട്ടി പൊലീസ്

news image
Sep 14, 2022, 7:32 am GMT+0000 payyolionline.in

ഗുരുഗ്രാം: ചോക്ലേറ്റ് വാങ്ങി തരാൻ പറഞ്ഞിട്ടും കേൾക്കാത്ത കൗൺസിലറോടുള്ള വാശിക്ക് ഹോട്ടലിൽ ബോംബുവച്ചതായി അഞ്ജാത ഫോൺ കോൾ വിളിച്ച് ഭിന്നശേഷിക്കാരൻ. 24കാരനായ ഭിന്നശേഷിക്കാരന്റെ ഫോൺ കോളിൽ ചൊവ്വാഴ്ച രാവിലെ മുതൽ നിരവധി പേരാണ് ഹോട്ടൽ ഒഴിപ്പിക്കാനും പരിശോധന നടത്താനുമായി സമയം ചിലവിട്ടത്. ഗുരുഗ്രാമിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലീലയിലാണ് ബോംബുണ്ടെന്ന സന്ദേശമെത്തിയത്. ഇതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരും പൊലീസുകാരുമടങ്ങിയ സംഘമെത്തി ഹോട്ടലിലെ താമസക്കാരെ ഒഴിപ്പിച്ചു.

രാവിലെ 11.05 ന്, അതിഥികളും ജീവനക്കാരും പുറത്ത് നിര്‍ത്തി ബോംബ് നിർവീര്യമാക്കുന്ന സ്‌ക്വാഡും സ്‌നിഫർ ഡോഗ്‌സും ചേർന്ന് പഞ്ചനക്ഷത്ര ഹോട്ടലിന്റെ പരിസരത്ത് ഒന്നര മണിക്കൂർ തിരച്ചിൽ നടത്തി. അഗ്നിശമന സേനയും ആംബുലൻസുകളും സ്ഥലത്തെത്തി. എന്നാൽ തെരച്ചിലിനിടെ ഭീഷണികളൊന്നും കണ്ടെത്താനാകാതെ വന്നതോടെ, സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് ഹോട്ടലിൽ അതിഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകി.

ഗുരുഗ്രാമിലെ ദി ലീല ഹോട്ടലിൽ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശം വന്നതിന് ശേഷം, ഏത് നമ്പറിൽ നിന്നാണ് വിളിച്ചത് എന്ന് പരിശോധിച്ച് വിളിച്ചയാളെ പൊലീസ് കണ്ടെത്തി. വിളിച്ചയാൾ ഹോട്ടലിലേക്ക് രണ്ട് തവണ കൂടി വിളിച്ചെങ്കിലും ഉടൻ കാൾ കട്ട് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ നമ്പറിലേക്ക് തിരിച്ച് വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നഗരത്തിലെ ഒരു ആശുപത്രിയാണ് ലൊക്കേഷൻ എന്ന് കണ്ടെത്തി. 24 വയസ്സുള്ള ഓട്ടിസം ബാധിച്ച ആളുടെ പേരിലാണ് കോൾ കണ്ടെത്തിയത്. ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് കൗൺസിലർ വാക്ക് നൽകിയിരുന്നുവെങ്കിലും അത് നിരസിച്ചപ്പോൾ ദേഷ്യം വന്നു. അതിനാൽ മൊബൈൽ ഫോണിൽ നിന്ന് ഇയാൾ ഹോട്ടലിലേക്ക് വ്യാജ കോൾ വിളിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറ‌ഞ്ഞു.

യുവാവ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആളാണെന്ന് ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തിയിട്ടുണ്ട്. എന്നാൽ ഐപിസി സെക്ഷൻ 507 (അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം ഡിഎൽഎഫ് ഫേസ് 3 പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി ഓട്ടിസം ബാധിച്ച ആളായതിനാൽ എന്ത് നടപടി സ്വീകരിക്കുമെന്ന നിയമോപദേശം തേടുകയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ഹോട്ടലിൽ വലിയ പരിഭ്രാന്തിയാണ് സന്ദേശം ഉണ്ടാക്കിയത്. ഹോട്ടലിൽ സെക്യൂരിറ്റി അലാം അടിച്ചു. ഇതോടെ ആളുകൾ ജീവനും കൊണ്ട് തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി. തന്റെ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe