പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ കീഴരിയൂർ തങ്കമല ക്വാറി ജില്ലാ കലക്ടർ ഉടൻ സന്ദർശിക്കണം: വി.കെ.സജീവൻ

news image
Jun 7, 2023, 3:05 pm GMT+0000 payyolionline.in

മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ് കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഘനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ഏകദേശം അഞ്ഞൂറ് അടി താഴ്ചയിൽ ആണ് ഇപ്പോൾ രാപ്പകൽ ഭേദമില്ലാതെ ഘനനം നടക്കുന്നത്.

ഇലക്ട്രിക് ഡിറ്റണേറ്റർ ബ്ലാസ്റ്റ് നടക്കുമ്പോൾ പ്രദേശം മുഴുവൻ പ്രകമ്പനം കൊളളുകയാണ്.ഇത് മൂലം പരിസരത്തെ നൂറുകണക്കിന് വീടുകളിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. മഴക്കാലത്ത് വെള്ളം കെട്ടി നില്ക്കാനും,വിളളലുകളിലുടെ ആഴ്ന്നിറങ്ങി ഉരുൾ പൊട്ടൽ പോലുളള ദുരന്തങ്ങൾ ഉണ്ടാവാനുമുളള സാധ്യത വളരെ കൂടുതലാണ്. ഇക്കാലമത്രയും കുടിനീരിനായ് മറ്റാരേയും ആശ്രയിക്കപ്പെടാത്ത ഒരു പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടു.

വാർഡ് മെമ്പർ മുതൽ ജില്ലാകലക്ടർ,ജിയോളജി വകുപ്പ് ഉൾപ്പെടെ അധികൃതർക്ക് മുന്നിൽ നാട്ടുകാർ പരാതി സമർപ്പിക്കുകയും ഗ്രാമസഭ യിൽ വൻ പ്രതിഷേധം ഉണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലാകലക്ടർ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടികൾ കൈക്കൊളളണമെന്നും അല്ലെങ്കിൽ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകും. പ്രദേശവാസികൾ ആശങ്ക അറിയിച്ചതിനെത്തുടർന്ന് ബിജെപി നേതാക്കളോടൊപ്പം സ്ഥലം സന്ദർശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളടക്കം നിരവധിപേർ തങ്ങളുടെ ആശങ്കകൾ സന്ദർശക സംഘത്തിന് മുന്നിൽ പങ്കുവെച്ചു.അതിഭീകരമായ മലതുരക്കലിൽ ഭീതിയിലായ പ്രദേശവാസികളെ അണിനിരത്തി ബി ജെ.പി പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് വി.കെ.സജീവൻ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ,മേപ്പയ്യൂർ മണ്ഡലം പ്രസിഡൻറ് സുരേഷ് കണ്ടോത്ത് നേതാക്കളായ കെ.കെ.രജീഷ്,നാഗത്ത് നാരായണൻ,ഷിജി ദിനേശൻ,ബിന്ദു കയലോട്,സുജിത്ത് കീഴരിയൂർ,കെ.ടി.ചന്ദ്രൻ എന്നിവരും ബിജെപി സന്ദർശക സംഘത്തോടൊപ്പം ഉണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe