പാമ്പാടിയിൽ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

news image
Sep 18, 2022, 12:33 pm GMT+0000 payyolionline.in

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. വയറിലും നെഞ്ചിലും ഉള്‍പ്പെടെ മുപ്പത്തിനാല് മുറിവുകളാണ് മിനിട്ടുകള്‍ മാത്രം നീണ്ട നായ ആക്രമണത്തില്‍ നിഷയ്ക്ക് ഉണ്ടായത്. വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് നിഷയുടെ അയല്‍വാസിയായ ഏഴാം ക്ലാസുകാരന്‍ സെബിന് കടി കിട്ടിയത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേര്‍ക്കും നായ കടി കിട്ടി.

നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

അതേസമയം പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാൾ കൂടുതൽ ആളുകൾ ലൈസൻസ് എടുക്കാൻ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ പൂർത്തിയാക്കുന്നത്.

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കുക എന്നത് വളരെ എളുപ്പത്തിലുള്ള നടപടിയാണ്. പഞ്ചായത്തിരാജ് ആക്ടിലെ വകുപ്പ് പ്രകാരമാണ് വളർത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് നൽകുന്നത് . ആദ്യം ചെയ്യേണ്ടത് വളർത്ത് മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ വാക്സിൻ എടുക്കണം. പൂർണമായും സൗജന്യമാണ് വാക്സിനേഷൻ.

എന്നാൽ വാക്സിനേഷൻ എടുത്ത സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 15 രൂപ അടയ്ക്കണം. ഈ സർട്ടിഫിക്കേറ്റുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണം. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷയിൽ മൃഗം, മൃഗത്തിന്‍റെ ഇനം, പ്രായം തുടങ്ങിയ വിവരങ്ങൾ എഴുതി നൽകണം. ഒരു വർഷമാണ് ലൈസൻസിന്‍റെ കാലാവധി. വാർഡുകൾ കേന്ദ്രീകരിച്ച് വളർത്തുനായ്കള്‍ക്ക് വാക്സീൻ ക്യാംപെയ്ൻ തുടങ്ങിയതോടെ കൂടുതൽ സൗകര്യമായി. മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങളെ ചികിത്സിക്കണമെങ്കിലും ഇനി ലൈസൻസ് വേണ്ടി വരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe