പാലക്കാട് ഉപതെരഞ്ഞെടുപ്പ് പത്ര പരസ്യ വിവാദം, എൽഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി കളക്ടർ

news image
Nov 30, 2024, 4:53 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സംബന്ധിയായ പത്ര പരസ്യ വിവാദത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റിന് നോട്ടീസ് നല്‍കിയതായി പാലക്കാട്   ജില്ലാ കളക്ടര്‍.  അനുമതി ഇല്ലാതെ പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ മാധ്യമ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നുവെന്നും ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പാലക്കാട് ജില്ലാ കളക്ടർ വിശദമാക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് എൽഡിഎഫ് മീഡിയാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെ നല്‍കിയ വിവാദ പരസ്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് വിശദമാക്കി. അധികാരത്തിന്റെ മറവില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ വല്ല നീക്കവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയാല്‍ അതിനെ ശക്തമായി നേരിടുമെന്നും യുഡിഎഫ് പ്രതികരിച്ചു.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട്‌ എഡിഷനിൽ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യത്തിലാണ് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിന് നോട്ടീസ് നൽകിയത്. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദത്തിൽ ആയത്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചായിരുന്നു പരസ്യം. എന്നാൽ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്നായിരുന്നു വിവാദത്തേക്കുറിച്ച് മന്ത്രി എംബി രാജേഷ് പ്രതികരിച്ചത്.

എൽഡിഎഫിന്റെ വിവാദ പരസ്യത്തിൽ സുപ്രഭാതം വൈസ് ചെയർമാനും ഗൾഫ് ചെയർമാനുമായ സൈനുൽ ആബിദീൻ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നത്. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്നാണ് സൈനുൽ ആബിദീൻ പറഞ്ഞത്. പരസ്യം ബിജെപിക്ക് ഗുണകരമായെന്നും. സന്ദീപ് വാര്യരുടെ മാറ്റം എന്ത് കൊണ്ട് ഉൾക്കൊള്ളാനാവുന്നില്ലെന്നുമാണ് സൈനുൽ ആബിദീൻ വിമർശിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe