പാലക്കാട് ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു, 11 പേര്‍ക്ക് പരിക്ക്

news image
Sep 13, 2022, 2:52 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് കൂറ്റനാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പതിനൊന്ന് യാത്രക്കാർക്ക് പരുക്ക്. അമിത വേഗത്തിലായിരുന്നു അപകടത്തില്‍പ്പെട്ട ബസെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ അധികൃതര്‍ നടപടി സ്വീകരിച്ചു. അമിതവേഗം തടയാൻ സ്പെഷ്യൽ ഡ്രൈവാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിക്കുന്ന ബസ്  ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗുരുവായൂരിലേക്കുള്ള രാജപ്രഭ ബസിന്‍റെ അമിത വേഗം കഴിഞ്ഞ ദിവസം ചാലിശ്ശേരിയിൽ സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി ചോദ്യം ചെയ്തിരുന്നു.

സെപ്തംബർ 6 ന് രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശി സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത്. സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. രാജപ്രഭ ബസിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായതായി സാന്ദ്ര പിന്നീട് പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe