തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. മൂന്ന് പ്രതികളും നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർക്കാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. മൂന്നു പേർക്കും കൂടി 12 ലക്ഷം രൂപ പിഴ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. തിരുവനന്തപുരം ആറാം അഡീ. സെഷൻസ് കോടതിയുടേതാണ് വിധി. 2019 ജൂൺ 21 നായിരുന്നു കൊലപാതകം. പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകാത്തതായിരുന്നു കൊലപാതക കാരണം. രാഖിയെ പ്രതികൾ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ പൂവാർ നിന്നും കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖിമോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടു. ശേഷം അഖിൽ രാഖിയുമായി പ്രണയത്തിലാവുകയും തുടർന്ന് അവധിക്ക് രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം രാഖിമോളെ അഖിൽ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.
രാഖിമോളുമായി പ്രണയത്തിലിരിക്കെ തന്നെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും തുടർന്ന് രാഖിയെ ഒഴിവാക്കി അന്തിയൂർകോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തിയതിൻ്റെ ഫോട്ടോകൾ അഖിൽ ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ് അന്തിയൂർകോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.
കൃത്യദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽ നിന്നും അഖിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ അനുനയത്തിൽ വിളിച്ചുവരുത്തി. അമ്പൂരിയിലുള്ള തൻ്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വാഹനത്തിൽ കയറ്റി. അമ്പൂരിയിൽ എത്തി അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരും വാഹനത്തിൽ കയറി. രാഹുലാണ് വാഹനമോടിച്ചത്. ആദർശും, അഖിലും പിൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്നിലിരുന്ന രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു വാഹനത്തിനുള്ളിൽ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേയാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിൻ്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും രാഹുലും പോലീസിന്റെ കസ്റ്റഡിയിലാകുന്നത്. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിൻ്റെ വീട്ട് വളപ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.