പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം ഇൻസ്റ്റയിൽ; ഡോക്ടറെ അടിച്ചുകൊന്നു യുവതിയും കൂട്ടുകാരും

news image
Sep 20, 2022, 6:56 am GMT+0000 payyolionline.in

ബെംഗളൂരു : പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കു കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണു വികാഷിനെ വകവരുത്തിയതെന്നു പൊലീസ് പറഞ്ഞു.

 

യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം, സൂര്യ എന്നിവരും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. പ്രതികളെല്ലാവരും ബിടിഎം ലേഔട്ടിലെ താമസക്കാരും ആർക്കിടെക്‌ടുമാരുമാണ്. ഒളിവിൽപ്പോയ സൂര്യയെ പൊലീസ് അന്വേഷിക്കുകയാണ്. യുക്രെയ്‌നിൽനിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാഷ്, രണ്ടുവര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണു ബെംഗളൂരുവിലേക്ക് വന്നത്.

വികാഷും യുവതിയും രണ്ടു വര്‍ഷമായി സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നു. തുടർന്നു വിവാഹത്തിനു വീട്ടുകാർ സമ്മതം മൂളി. ഇതിനിടെ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ്, പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു. സെപ്റ്റംബർ എട്ടിന് ഇന്‍സ്റ്റഗ്രാമില്‍ തന്റെ നഗ്നചിത്രങ്ങള്‍ കണ്ട യുവതി ഞെട്ടി. വികാഷിനോട് ഇതേപ്പറ്റി ചോദിച്ചു.

തമാശയ്ക്ക് ചെയ്തതെന്നായിരുന്നു മറുപടി. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. സഹപാഠിയായ സുശീലിനോട് ഇക്കാര്യം യുവതി പറഞ്ഞു. വികാഷിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഗൗതവും സൂര്യയും ഇവരുടെ കൂടെച്ചേർന്നു. അങ്ങനെയാണ് സെപ്റ്റംബർ 10ന് വികാഷിനെ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. ചൂലുകളും വെള്ളക്കുപ്പിയും മറ്റും ഉപയോഗിച്ചു വികാഷിനെ ഇവർ മർദിച്ചു. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണു പ്രതികളുടെ മൊഴി.

 

ബോധരഹിതനായ വികാഷിനെ ഇവർതന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും. വിവരം വികാഷിന്റെ സഹോദരൻ വിജയ്‌യെ യുവതി അറിയിച്ചു. താൻ ഫോൺ വിളിക്കുന്നതിനിടെ, സുഹൃത്തുക്കളും വികാഷും തമ്മിൽ വഴക്കുണ്ടാവുകയും അവർ മർദിച്ചെന്നുമാണു യുവതി പറഞ്ഞത്. സുഷീലിന്റെ ബെഗുരിലെ വീട്ടിലായിരുന്നു കൊലപാതകം. മാരകമായി മര്‍ദനമേറ്റ വികാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബർ 14ന് മരിച്ചു. പൊലീസ് അന്വേഷണത്തിലാണ് പ്രതികളുടെ പ്രതികാരവും ആസൂത്രണവും വെളിപ്പെട്ടത്. പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ദേശീയ മെഡിക്കൽ മിഷന്റെ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പരിശീലനത്തിനായാണു മാസങ്ങൾക്കു മുൻപ് വികാഷ് ബെംഗളൂരുവിൽ എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe