പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷിക്കും

news image
Sep 15, 2022, 4:06 am GMT+0000 payyolionline.in

പാലക്കാട്: യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് മനുഷ്യാവകാശ കമ്മിഷന് കീഴിലുള്ള സംഘം അന്വേഷിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആശുപത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയെന്ന കുടുംബത്തിന്റെ ആക്ഷേപം കണക്കിലെടുത്താണ് നടപടിയെന്ന് കമ്മിഷനംഗം കെ.ബൈജുനാഥ്  പറഞ്ഞു. തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞും മരിച്ചതിലാണ് കമ്മിഷന്റെ ഇടപെടല്‍.

 

 

പ്രസവ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച ഐശ്വര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെട്ടത് സ്വകാര്യ ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. പിഴവുകള്‍ മറച്ച് സ്വകാര്യ ആശുപത്രി നല്‍കിയ വിശദീകരണം അതേമട്ടില്‍ ഡിഎംഒ അന്വേഷണ റിപ്പോട്ടാക്കിയെന്നാണ് ആക്ഷേപം. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ രേഖാമൂലം ഐശ്വര്യയുടെ ഭര്‍ത്താവും സഹോദരിയും കമ്മിഷന് കൈമാറി.

കുടുംബത്തിന്റെ ആക്ഷേപം ഗൗരവമുള്ളതെന്ന് കണ്ടാണ് മനുഷ്യാവകാശ കമ്മിഷന് കീഴിലുള്ള സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ടത്. രണ്ടു മാസം മുന്‍പുണ്ടായ ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ മെഡിക്കല്‍ ബോര്‍ഡ് പോലും കൂടിയിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe