പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ മർദിച്ച കേസിൽ മുത്തശ്ശിയും പിതാവും അറസ്റ്റിൽ

news image
Feb 2, 2023, 3:20 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച നാല് വയസ്സുകാരിയെ ക്രൂരമായി മർദിച്ച കേസിൽ മുത്തശ്ശിയും പിതാവും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസിലെ ഗുരുതര വകുപ്പുകൾ ചുമത്തി വർക്കല പൊലീസ് നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുട്ടികൾക്കെതിരായ അതിക്രമം, കരുതിക്കൂട്ടിയുള്ള മർദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

പ്ലേ സ്കൂളിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയതിന്റെ ദേഷ്യത്തിലാണ് മുത്തശ്ശി മർദിച്ചതെന്നും വൈകീട്ട് വീട്ടിലെത്തിയ പിതാവും ഇതറിഞ്ഞ് കുട്ടിയെ മർദിച്ചെന്നുമാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് തല്ലിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പ‍ോര്‍ട്ട്. കാലിനും മുതുകിനും അടക്കം കുട്ടിക്ക് അടികിട്ടിയിരുന്നു. അയൽവാസിയായ സ്ത്രീയാണ് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയത്.

ഇത്തരത്തിൽ മുത്തശ്ശിയും അച്ഛനും കുട്ടിയെ മർദിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയവളാണ് മർദനമേറ്റ കുട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe