ബട്ടിൻഡ വെടിവെപ്പ്: രണ്ട് പേർക്കെതിരെ കേസ്, ആരെയും പിടികൂടിയിട്ടില്ല, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൈന്യം

news image
Apr 12, 2023, 2:12 pm GMT+0000 payyolionline.in

ദില്ലി : ബട്ടിൻഡ വെടിവയ്പ്പിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പേർക്കെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. സൈനിക ഉദ്യോ​ഗസ്ഥരുടെ മൊഴിയും പഞ്ചാബ് പൊലീസ് രേഖപ്പെടുത്തി. മുഖം മൂടി ധരിച്ചെത്തിയവരാണ് വെടിയുതിർത്തതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. വെളുത്ത കുർത്തയും പൈജാമയും ധരിച്ചാണ് ഇവർ എത്തിയത്. ആക്രമണത്തിന് ശേഷം ഇരുവരും വന മേഖലയിലേക്ക് ഓടിയൊളിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

ജവാൻമാരായ സാ​ഗർ, കമലേഷ്, സന്തോഷ്, യോ​ഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവർ. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും മൂർച്ചയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. വെടിയുതിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടത്തുനകയാണ്. അതേസമയം പ്രതികളെന്ന് സംശയിക്കുന്ന ആരെയും പിടികൂടിയിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

പുലർച്ച നാലരക്കാണ് ബട്ടിൻഡ സൈനിക കേന്ദ്രത്തിലെ ആർട്ടിലറി യൂണിറ്റിൽ വെടിവയ്പ്പുണ്ടായത്. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ജവാൻമാരാണ് കൊല്ലപ്പെട്ടത്. മറ്റാർക്കും പരിക്കില്ലെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് വാർത്താ കുറിപ്പിൽ അറിയിച്ചു. രണ്ട് പേർ ചേർന്നാണ് വെടിയുതിർത്തതെന്ന് മൊഴി ലഭിച്ചെന്നും, തിരകൾ പ്രദേശത്തുനിന്നും കണ്ടെത്തിയെന്നും ബട്ടിൻഡ എസ്പി പറ‍ഞ്ഞു. എന്നാൽ ആരാണ് വെടിയുതിർത്തതെന്നോ കാരണമെന്തെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനെ കരസേനമേധാവി സംഭവത്തിൻറെ വിശദാംശങ്ങൾ അറിയിച്ചു. കരസേനയിലെ സൈനികർക്ക് പരിശീലനമടക്കം നൽകുന്ന കേന്ദ്രമാണ് ബട്ടിൻഡയിലേത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe