ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

news image
Sep 16, 2022, 1:46 pm GMT+0000 payyolionline.in

മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും  ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും  ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ  കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ  രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം WHO ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടിരുന്നു. അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.  മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക.

healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe