ബാറില്‍ വച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നിലഗുരുതരം

news image
Jan 9, 2023, 6:16 am GMT+0000 payyolionline.in

തിരുവനന്തപുരം: ബാറിൽ വച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ശനിയാഴ്ച രാത്രി പത്തര മണിയോടെ കാട്ടാക്കടയിലെ അഭിരാമി ബാറിൽ വച്ചാണ് സംഭവം. കുറ്റിച്ചൽ ചിറകോണം വിശാഖ് ഭവനിൽ വൈശാഖ് (26) , അന്തിയൂർകോണം ശ്യാം നിവാസിൽ ശരത് (30) , കണ്ടല ഇറയാംകോട് പ്രകാശ് ഭവനിൽ പ്രകാശ് (30) എന്നിവർക്കാണ് കത്തി കുത്തേറ്റത്. മൂവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയറ്റിലും നെഞ്ചിലും കുത്തേറ്റ വൈശാഖ്, പ്രകാശ് എന്നിവരുടെ നില ഗുരുതരമാണ്. ഇതിൽ പ്രകാശ് അക്രമി സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് എന്നാണ് വിവരം. ബാറിൽ നിന്ന് പുറത്തേക്ക് വരും വഴി അക്രമികൾ ഇയാളേയും യാതൊരു പ്രകോപനവുമില്ലാതെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വെമ്പായം കൊഞ്ചിറ വാർഡിൽ വിജയാ ഭവനിൽ നിന്നും നെല്ലിക്കാട് കാവിൻ പുറം പുത്തൻവീട്ടിൽ വാടകക്ക് താമസിക്കുന്ന അബിലാഷ് (31) നെല്ലിക്കാട് കാവിൽ പുറം കൃഷ്ണഗിരിയിൽ കിരൺ (32), കൊല്ലോട് വല്ലോട്ടു കോണം കടയറ വീട്ടിൽ രഞ്ജിത്ത് (32) എന്നിവരെ ആണ് സംഭവവുമായി ബന്ധപെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ആറ് മാസം മുമ്പ് ഇരു സംഘത്തിലും ഉൾപ്പെട്ട ശരതും രഞ്ജിതും ആറ് മാസം മുമ്പ് ബാറിൽ വച്ച് വാക്കേറ്റവും ചെറിയ തോതിൽ കയ്യാങ്കളിയും നടന്നിരുന്നു. ശനിയാഴ്ച രാത്രിയിൽ രണ്ട് ഗ്യാങ്ങുകൾ ആയി ബാറിൽ എത്തിയ ഇവർ ബാറിനുള്ളിൽ വച്ച് കണ്ടുമുട്ടുകയും തുടര്‍ന്ന് പഴയ കാര്യം പറഞ്ഞ് വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. പിന്നാലെ  ബാറിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ സംഘാംഗങ്ങള്‍ ബാറിന്‍റെ മുന്‍വശത്ത് വച്ച് തമ്മിൽ കയ്യാംകളിയാവുകയും കത്തികുത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഇരു സംഘത്തിലും ഉൾപ്പെടാത്ത നിരപരാധിയായ പ്രകാശിനും കുത്തേറ്റത്. അഭിലാഷാണ് കത്തിയെടുത്ത് മൂന്ന് പേരേയും കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്ക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe