ബാലുശ്ശേരിയിൽ ലഹരി വിൽപന വ്യാപകം; ജാഗ്രത കർശനമാക്കി പൊലീസ്

news image
Sep 27, 2022, 3:51 am GMT+0000 payyolionline.in

ബാലുശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ടൗണിലെ വിവിധ കോണുകളിൽ സുലഭമായി. വിദ്യാർഥികളടക്കമുള്ളവരെ ലക്ഷ്യം വെച്ചാണ് വ്യാപക ലഹരി വിൽപന. ഒരു മാസത്തിനിടെ മാരകമായ ലഹരി വസ്തുക്കളുമായി ഒരു ഡസനോളം ചെറുപ്പക്കാരാണ് പൊലീസ് പിടിയിലായത്.

കിനാലൂർ, കുറുമ്പൊയിൽ, ബാലുശ്ശേരി, എരമംഗലം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന പൊടിപൊടിക്കുന്നത്. എരമംഗലത്ത് ആളൊഴിഞ്ഞ വീട്ടുപറമ്പിൽ വെച്ചാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. കിനാലൂരിൽ കാറിലെത്തിയ സംഘമാണ് ലഹരിവസ്തുക്കളുമായി പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച എസ്റ്റേറ്റ് മുക്കിൽ പരിശോധനക്കിടെ കാറുമായെത്തിയ മൂന്നു യുവാക്കൾ പൊലീസിന്റെ പിടിയിൽപ്പെട്ടു. ഇവരിൽ നിന്നും എം.ഡി.എം.എയും ഹഷീഷ് ഓയിലും കഞ്ചാവുമാണ് കണ്ടെടുത്തത്.

നിരവധി വിദ്യാർഥികളാണ് ബാലുശ്ശേരിയിലെയും പരിസരപ്രദേശത്തെയും വിവിധ കോളജുകളിലും സ്കൂളുകളിലുമായി പഠിക്കാനെത്തുന്നത്. ഇവരെ ലക്ഷ്യമിട്ടാണ് ലഹരിവസ്തുക്കളുടെ ഏജന്റായി യുവാക്കൾതന്നെ രംഗത്തുള്ളത്. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികളോടൊപ്പം വിദ്യാർഥിനികളും ലഹരി വിൽപനയുടെ ഏജന്റുകളായി പ്രവർത്തിക്കുന്നുണ്ട്.

സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സുകളിലെ കോണിക്കൂടുകൾ പലപ്പോഴും ഇത്തരം വിദ്യാർഥികളുടെ സങ്കേതമായി മാറുന്നുണ്ട്. കൈരളി റോഡിൽ ചിറക്കൽ കാവ് ക്ഷേത്രം റോഡിലെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ ലഹരി ഉപയോഗിക്കാനായി യുവാക്കൾ എത്തുന്നുണ്ട്.

ഹൈസ്കൂൾ റോഡിൽ സന്ധ്യ തിയറ്ററിന്റെ സമീപത്തെ ഇടവഴികളും കിനാലൂരിൽ വ്യവസായ എസ്റ്റേറ്റിന്റെ പിന്നിലെ ആളൊഴിഞ്ഞ പ്രദേശങ്ങളും ലഹരി വിൽപനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളമാണ്.

ബാലുശ്ശേരി പൊലീസ് നേതൃത്വത്തിൽ ലഹരി ഒഴുക്കിനെതിരെ ജാഗ്രത വിഭാഗംതന്നെ രൂപവത്കരിച്ച് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. കർശന നടപടികളുടെ ഭാഗമായി പട്രോളിങ്ങും റെയ്ഡും ശക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe