ന്യൂഡൽഹി: വിവാദമായ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തിരിച്ചടി. ബിജെപി വിജയിച്ച തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നിർണായക വിധി.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
കോൺഗ്രസ്– എഎപി സഖ്യത്തിന് 20 വോട്ടും ബിജെപിക്ക് 16 വോട്ടുമാണു തിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നു സുപ്രീംകോടതി പറഞ്ഞു. 8 ബാലറ്റ് പേപ്പർ അസാധുവാക്കാൻ വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസി മനപ്പൂർവം ശ്രമിച്ചു. ഇദ്ദേഹം നടപടി നേരിടണം. 8 വോട്ട് അസാധുവാക്കിയതു തെറ്റായ രീതിയിലാണ്. ഈ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നേരത്തേ, എഎപി–കോൺഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകൾ വരണാധികാരി അസാധുവാക്കിയതിനാൽ ബിജെപി സ്ഥാനാർഥിയാണു ചണ്ഡിഗഡിൽ മേയറായത്. വിവാദമായതോടെ ബിജെപിയുടെ മേയർ മനോജ് സൊൻകർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും നേരിട്ടു പരിശോധിച്ചാണു സുപ്രീം കോടതി വിധി പറഞ്ഞത്. കുതിരക്കച്ചവടം ഗുരുതര പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചിക്കില്ലെന്നു സൂചിപ്പിച്ചിരുന്നു.