‘ബിജെപിയില്‍ ചേരാന്‍ ദൈവത്തോട് അനുമതി ചോദിച്ചു, അദ്ദേഹം അനുവദിച്ചു’; കോണ്‍ഗ്രസ് വിട്ട ദിഗംബര്‍ കാമത്ത്

news image
Sep 14, 2022, 1:45 pm GMT+0000 payyolionline.in

പനാജി: ദൈവത്തോട് അനുമതി ചോദിച്ചിട്ടാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ഗോവയിലെ 11 എംഎല്‍എമാരില്‍ എട്ടുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാമത്ത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി മാറില്ലെന്ന്  രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അവർ മതഗ്രന്ഥങ്ങളില്‍ തൊട്ട് സത്യം ചെയ്തിരുന്നു. ഈ വിഷയം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കാമത്ത് ഇക്കാര്യം പറഞ്ഞത്. ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ദൈവത്തിൽ വിശ്വസിക്കുന്നുയാളാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിടില്ലെന്ന് പ്രതിജ്ഞയെടുത്തു എന്നത് സത്യമാണ്. എന്നാൽ ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി. എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലതെന്തെന്ന് തോന്നുന്നത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗോവ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ജയിച്ചുകഴിഞ്ഞാല്‍ ബിജെപിയില്‍ പോകില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെ ആണയിട്ട് സത്യം ചെയ്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe