ബ്രഹ്മപുരം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണൽ

news image
Mar 18, 2023, 4:40 am GMT+0000 payyolionline.in

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് വൻ തുക പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ. 100 കോടി രൂപയാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ പിഴയടയ്ക്കണമെന്നാണ് ഉത്തരവ്.

തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് നീക്കിവെക്കണമെന്നും ട്രിബ്യൂണൽ പറയുന്നു. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു.

ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിനെ കോർപറേഷന് നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കും.

മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്.

ആവർത്തിച്ചാൽ 500 കോടി രൂപ പിഴ ചുമത്തുമെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചത്. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രിബ്യൂണലിന് സംസ്ഥാനം സമർപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe