ഭാരത് ജോഡോ യാത്ര കശ്മീരിൽ; ഉജ്വല വരവേൽപ്

news image
Jan 20, 2023, 4:29 am GMT+0000 payyolionline.in

ലഖൻപുർ (ജമ്മു) ∙ ആവേശകരമായ വരവേൽപ് ഏറ്റുവാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ജമ്മു കശ്മീരിലേക്കു കടന്നു. കഠ്‌വ ജില്ലയിലെ ലഖൻപൂരിലായിരുന്നു യാത്രയുടെ ആദ്യദിനം. ഇനിയുള്ള 9 ദിവസം ജമ്മുവിലും കശ്മീരിലും യാത്ര തുടരും. ജനുവരി 30ന് ശ്രീനഗറിലാണു സമാപനം.

 

ഈ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും തനിക്കു മനസ്സിലാവുമെന്ന് രാഹുൽ പറഞ്ഞു. ‘നിങ്ങളുടെ മുന്നിൽ ഞാൻ തല കുനിക്കുകയാണ്. നിങ്ങളുടെ മതം ഏതായാലും നിങ്ങൾ സമ്പന്നനോ ദരിദ്രനോ ആണെങ്കിലും നിങ്ങളെല്ലാം ഈ രാജ്യത്തിന്റെ അവകാശികളാണ്’– രാഹുൽ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി എന്നിവർ യാത്രയെ വരവേറ്റു. പിസിസി അധ്യക്ഷൻ വികാർ റസൂൽ, പഞ്ചാബ് പിസിസി അധ്യക്ഷൻ അമരിന്ദർ സിങ് രാജ വാറിങ്ങിൽനിന്നു പതാക ഏറ്റുവാങ്ങി.

രാഹുലിനെ സ്വാഗതം ചെയ്തു മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല നടത്തിയ പ്രസ്താവന ശ്രദ്ധേയമായി. ‘പണ്ട് ശങ്കരാചാര്യർ ആണ് കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്കു യാത്ര നടത്തിയത്. ഇന്ന് താങ്കളും അതു ചെയ്യുന്നു’ ഫാറൂഖ് പറഞ്ഞു. രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഇന്ത്യയോ അല്ല ഇന്നുള്ളത്. ജനങ്ങൾ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി നിന്നാൽ ഇന്നത്തെ വെറുപ്പിന്റെ അന്തരീക്ഷം മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം നടന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe