ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

news image
May 28, 2023, 10:29 am GMT+0000 payyolionline.in

ന്യൂഡൽഹി: ചെങ്കോല്‍ വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി. ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ രണ്ടു പക്ഷവും ഉയർത്തുന്നത് നല്ല വാദങ്ങളെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. മൗണ്ട് ബാറ്റണ്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയതിൽ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പവിത്രമായ പരമാധികാരവും ധർമ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്‍റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു. ഭരണഘടന സ്വീകരിക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാർലമെന്‍റില്‍ പ്രതിനിധീകരിക്കുന്നതുപോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളിൽ നിലനിൽക്കുന്നുവെന്നും അത് ദൈവിക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവിയല്ലെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ വാദവും തെറ്റല്ല.

ചെങ്കോല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്റുവിന് അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ല. ചെങ്കോൽ അധികാരത്തിന്‍റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്‌സഭയിൽ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഏതെങ്കിലും രാജാവിന് കീഴിലല്ലെന്നും ഇന്ത്യ ഉറപ്പിച്ചുപറയുകയാണ്. നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ സ്ഥിരീകരിക്കാൻ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാം’ -തരൂർ ട്വിറ്ററിൽ കുറിച്ചു.

അധികാര കൈമാറ്റത്തിന്‍റെ ഭാഗമായി ബ്രിട്ടൻ കൈമാറിയെന്ന് പറയപ്പെടുന്ന ചെങ്കോൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനു തെളിവൊന്നുമില്ലെന്നും അധികാര കൈമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വാട്സ്ആപ്പ് യൂനിവേഴ്സിറ്റി ആഖ്യാനം മാത്രമാണെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe