‘മഞ്ഞക്കുറ്റി പായിച്ചതുപോലെ എഐ അഴിമതി ക്യാമറ പദ്ധതിയും നാടുകടത്തും’; സിപിഎമ്മിന് സുധാകരന്‍റെ രൂക്ഷ വിമർശനം

news image
May 27, 2023, 1:13 pm GMT+0000 payyolionline.in

തിരുവനന്തപുരം:  എഐ ക്യാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സി പി എമ്മിനെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്‌ന്നെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സി പി എമ്മെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണം. എ ഐ ക്യാമറ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വ്യക്തമായ ബോധവത്കരണം നടത്താതെയും ട്രാഫിക് സിഗ്നലുകള്‍  സ്ഥാപിക്കാതെയും വാഹന ഉടമകളെ ചതിച്ച് പിഴയടപ്പിക്കാന്‍ തിടുക്കത്തില്‍ സ്ഥാപിച്ച 726 എ ഐ ക്യാമറകളുടെ കുരുക്കില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല വീഴാന്‍ പോകുന്നത്. അതില്‍ സി പി എമ്മുകാരും ബി ജെ പിക്കാരും ഉള്‍പ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ട്. അന്യായമായി പിരിച്ചെടുക്കുന്ന കോടികള്‍ 5 വര്‍ഷം മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ കമ്പനികളിലേക്കാണ് പോകുന്നത്. ഇത് അഴിമതിയില്‍ മുങ്ങിക്കുളിച്ചതും ജനങ്ങളെ ബോധപൂര്‍വം ദ്രോഹിക്കുന്നതുമായ സംവിധാനം ആയതിനാലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സാധാരണ സിപിഎമ്മുകാര്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗവും കോണ്‍ഗ്രസിനൊപ്പമാണ്. എ ഐ ക്യാമറ പദ്ധതിക്കെതിരേ ബി ജെ പി ഒരക്ഷരം ഉരിയാടാത്തത് വെട്ടിപ്പില്‍ അവര്‍ക്കു പങ്കുകിട്ടിയതുകൊണ്ടാണോയെന്നും സുധാകരന്‍ ചോദിച്ചു.

വ്യവസായ വകുപ്പ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിപ്പിച്ച എ ഐ ക്യാമറ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വച്ചാണ് അഴിമതി തെളിയിക്കാനായില്ലെന്നു സി പി എം പെരുമ്പറ കൊട്ടുന്നത്. സി പി എമ്മിന് അത്ര ആത്മവിശ്വാസമാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്തി സ്വയം പ്രതിരോധിക്കാന്‍ ധൈര്യമില്ലെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

എ ഐ ക്യാമറാ പദ്ധതിയെ കോണ്‍ഗ്രസ് കണ്ണടച്ച് എതിര്‍ക്കുന്നില്ല. എന്നാല്‍ അതിലെ അഴിമതിയെയും തിടുക്കത്തിലുള്ള നടപ്പാക്കലിനെയും എതിര്‍ക്കുക തന്നെ ചെയ്യും. ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമപോരാട്ടവും നടത്തി കെ റെയിലിന്റെ മഞ്ഞക്കുറ്റിയെ പായിച്ചതുപോലെ എ ഐ അഴിമതി ക്യാമറ പദ്ധതിയെയും നാടുകടത്തും. സാമ്പത്തിക പ്രതിന്ധിയില്‍ കഴിയുന്ന ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തി വീണ്ടും പിഴിയാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe