മണിപ്പൂരിലെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈകോടതി; കുക്കികളുമായി മാരത്തോൺ ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

news image
Aug 3, 2023, 9:33 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്കാരം ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ മണിപ്പൂര്‍ ഹൈകോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന്റെ ഹരജിയിലാണ് നടപടി.

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ തങ്ങളുമായി നടത്തിയ മാരത്തോൺ ചർച്ചയെ തുടർന്ന് ശവസംസ്കാര ചടങ്ങുകൾ മാറ്റിവെക്കാൻ തീരുമാനിച്ചതായി കുക്കി നേതാക്കൾ അറിയിച്ചു. ‘ഞങ്ങൾ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ 4 മണി വരെ മാരത്തൺ ചർച്ച നടത്തിയിരുന്നു. സംസ്‌കാരം അഞ്ച് ദിവസം കൂടി വൈകിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞങ്ങളോട് അഭ്യർത്ഥിച്ചു. മുൻ നിശ്ചയിച്ച അതേ സ്ഥലത്ത് അടക്കം ചെയ്യാൻ അനുവദിക്കുക, ശ്മശാനത്തിനായി സർക്കാർ ഭൂമി നിയമവിധേയമാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങളിൽ ഞങ്ങൾക്ക് രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ അഭ്യർത്ഥന മാനിക്കാ​മെന്ന് അറിയിച്ചു. മിസോറാം മുഖ്യമന്ത്രിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്’ -കുക്കി ആദിവാസി സംഘടനയായ ഐ.ടി.എൽ.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

 

ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന 35 മൃതദേഹങ്ങൾ ഇന്ന് രാവിലെ 11 മണിക്ക് സംസ്കാരം നടത്താനായിരുന്നു കുകി സംഘടനകൾ തീരുമാനിച്ചത്. മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ – ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, ഇത് അവഗണിച്ച് വിവിധ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഐടിഎൽഎഫ്ന്റെ നേതൃത്വത്തിൽ സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മെയ്തെയ് ഇന്റർനാഷണൽ ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ഹൈക്കോടതിയെ സമീപിക്കുകയും ആറുമണിക്ക് കേസ് പരിഗണിച്ച് കോടതി സംസ്കാരം തടയുകയും ചെയ്തത്. വിഷയത്തിൽ രമ്യമായ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് സംസ്ഥാന-കേന്ദ്ര സർക്കാരുകളോടും കോടതി നിർദേശിച്ചു.

ഉത്തരവ് വന്നതിന് പിന്നാലെ ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം നിരന്നിരിക്കുകയാണ്. അസം റൈഫിൾസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് തുടങ്ങിയവർ മണിപ്പൂരിൽ കനത്ത ജാഗ്രതയിലാണ്. ഒമ്പത് കോൾഡ് സ്റ്റോറേജ് മാത്രമുള്ള ആശുപത്രിയിൽ പരമ്പരാഗത രീതിയിൽ മത്തങ്ങകളും ഐസ് സ്ലാബും ഉപയോഗിച്ചാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മേയ് 3 മുതൽ തുടരുന്ന അക്രമങ്ങളിൽ ഇതുവരെ 150 പേർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe