മണിപ്പൂർ സംഘർഷം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ആർഎസ്എസ്

news image
Jun 18, 2023, 12:51 pm GMT+0000 payyolionline.in

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടി.

നാല്‍പത്തിയെട്ട് ദിവസമായി മണിപ്പൂരില്‍ കലാപം തുടരുകയാണ്. വിഷയത്തിൽ ഒരു വാക്ക് പോലും സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തപ്പോഴാണ് ആര്‍എസ്എസിന്‍റെ ഇടപെടല്‍. കലാപം ഈ വിധം നീളുന്നത് അസ്വസ്ഥപ്പെടുത്തുവെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. കലാപത്തിന് ഇരകളായ അരലക്ഷത്തോളം പേര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അക്രമത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന വിമര്‍ശനത്തെ ശരിവയ്ക്കും വിധം ഇരു കൂട്ടരുടെയും ഭാഗത്ത് നിന്ന് അടിയന്തര ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവും ആര്‍എസ്എസ് മുന്‍പോട്ട് വയ്ക്കുന്നു.

കലാപം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കണ്ടുകൂടിയാണ് പ്രധാനമന്ത്രിയെ മറികടന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. മന്‍ കി ബാത്തിലെ മൗനത്തിനെതിരെ റേഡിയോ കത്തിച്ച് മണിപ്പൂരില്‍ പ്രതിഷേധം നടന്നിരുന്നു. നിയമസഭ സ്പീക്കര്‍ ടി സത്യബ്രതയുടെ നേതൃത്വത്തില്‍ 8 അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തിയെങ്കിലും മറുപടി കിട്ടിയിട്ടില്ല. കഴിഞ്ഞ10 മുതല്‍ പ്രതിപക്ഷ സംഘവും പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച മോദി അമേരിക്കയിലേക്ക് പോകുകയും ചെയ്യും.

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും, നേതാക്കളുടെയും വസതികള്‍ ഉന്നമിട്ടാണ് മണിപ്പൂരില്‍ അക്രമികളുടെ നീക്കം. ഒപ്പം നിന്ന മെയ്തി വിഭാഗത്തിന്‍റെ പ്രതിഷേധം സര്‍ക്കാരിനെ കൂടുതല്‍  പ്രതിസന്ധിയിലാക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe