പനാജി: മദ്യലഹരിയിൽ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് ഭീഷണി കോൾ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലെ ജീവനക്കാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് പൊലീസിന് ഭീഷണി കോൾ ലഭിച്ചത്.
വൈകീട്ട് 4.45ഓടെ പൊലീസ് കൺട്രോൾ റൂമിലാണ് കോൾ ലഭിച്ചത്. വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചയാൾ പറഞ്ഞുവെന്ന് നോർത്ത് ഗോവ ജില്ലാ പൊലീസ് സൂപ്രണ്ട് നിധിൻ വത്സൻ പറഞ്ഞു. തുടർന്ന് ഗോവയിലെ രണ്ട് വിമാനത്താവളങ്ങളായ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലും ഡംബോളിം എയർപോർട്ടിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു.
എന്നാൽ, വിമാനത്താവളങ്ങളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. പിന്നീട് ഫോൺവിളിച്ചയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിഹാറിൽ നിന്നുള്ള കുന്ദൻ കുമാറാണ് ഭീഷണിക്ക് പിന്നിലെന്ന് വ്യക്തമായത്. മദ്യലഹരിയിലാണ് താൻ ഫോൺ വിളിച്ചതെന്ന് കുന്ദൻ കുമാർ പൊലീസിന് മൊഴി നൽകി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.