ഭോപാൽ: മധ്യപ്രദേശിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഞായർ രാത്രിയാണ് സംഭവം. 30കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി കമലേഷ് കുശ്‌വാഹയെ അറസ്റ്റ് ചെയ്തു. ട്രെയിനിന്റെ കോച്ച് പൂട്ടി അകത്തിരുന്ന യുവാവിനെ 3 മണിക്കൂറിനു ശേഷമാണ് പിടികൂടിയത്.
സത്നയിലെ ഉഞ്ചേരയിലേക്ക് പോകാനായി കട്നി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യുവതി പാസഞ്ചർ ട്രെയിനിൽ കയറിയത്. പാസഞ്ചർ ട്രെയിൻ പട്കാരിയ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സമയത്ത് യുവതി ശുചിമുറി ഉപയോഗിക്കാനായി സ്റ്റേഷനിൽ തന്നെ നിർത്തിയിട്ടിരുന്ന സ്പെഷ്യൽ ട്രെയിനിന്റെ എസി കംപാർട്മെന്റിൽ കയറി. യുവതിയെ പിന്തുടർന്ന് കമലേഷും എസി കംപാർട്മെന്റിൽ കയറി വാതിൽ പൂട്ടി. തുടർന്ന് ട്രെയിൻ യാത്ര പുറപ്പെട്ടപ്പോൾ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ അടിച്ചുവീഴ്ത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
ട്രെയിൻ സത്ന സ്റ്റേഷനിലെത്തിയപ്പോൾ യുവതി പുറത്തേക്കോടി ആർപിഎഫ് കോൺസ്റ്റബിളിനെ സമീപിച്ചു. എന്നാൽ ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും ഇയാൾ കോച്ചിന്റെ വാതിൽ പൂട്ടി. തുടർന്ന് കൈമ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിന്റ വാതിൽ തുറക്കാൻ ആർപിഎഫ് സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ രേവ റെയിൽവേ സ്റ്റേഷനിൽ മെക്കാനിക് ടീം എത്തിയാണ് വാതിൽ തുറന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കട്നിയിലെത്തിച്ചു.