മലപ്പുറത്ത് ‘നിയമം വിട്ടു കളിച്ച’ വണ്ടി ഫ്രീക്കൻമാർക്ക് കിട്ടിയത് ഭീമൻ പിഴ

news image
Sep 15, 2022, 1:20 pm GMT+0000 payyolionline.in

മലപ്പുറം: ഇരുചക്ര വാഹനങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തി കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്ന ഫ്രീക്കന്മാർക്ക് പൂട്ടിട്ട് മാട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഇഷ്ടത്തിനനുസരിച്ച് സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രക്കാര്‍ക്കും ഭീഷണിയാവുന്ന രൂപത്തില്‍ റൈസിംഗ് നടത്തുന്നവര്‍ക്കുമെതിരെയുമാണ് വാഹനവകുപ്പിന്റെ കര്‍ശന പരിശോധന.

കഴിഞ്ഞ മാസം മലപ്പുറത്ത് നടത്തിയ വാഹനീയം പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ പരാതികളില്‍ പ്രധാനമായിട്ടും അമിത ശബ്ദം പുറപ്പെടുവിച്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ചിള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചായിരുന്നു. ഇതില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ച 209 ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ കൂച്ചുവിലങ്ങിട്ടു.  ലൈസന്‍സില്ലാതെ വാഹനം ഓടിച്ചത് 181, ഇന്‍ഷൂറന്‍സില്ലാതെ വാഹനം ഓടിച്ചത് 259, ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചത് 2468, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചത് 82, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 74, തുടങ്ങി 2768 കേസുകളിലായി 58,04,960 രൂപ പിഴ ചുമത്തി. ജില്ലയിലെ സംസ്ഥാന, ദേശീയപാതകള്‍ കേന്ദ്രീകരിച്ചാണ്  രാപ്പകല്‍ വിത്യസമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. ഒ പ്രമോദ് കുമാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe