കോഴിക്കോട് : സി എച്ച് മേൽപ്പാലത്തിനും എ കെ ജി മേൽപ്പാലത്തിനും പിറകെ മാങ്കാവ് പാലവും നവീകരിക്കുന്നു. നവീകരണ ജോലികൾക്കായി 1.18 കോടി രൂപയുടെ അനുമതിയായി. സാങ്കേതികാനുമതികൂടി ലഭിച്ചശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും. പണി ഉടൻ തുടങ്ങും.
നഗരത്തിലെ പഴക്കംചെന്ന പാലങ്ങളിലൊന്നാണ് മാങ്കാവിലേത്. നവീകരണം പൂർത്തിയാകുന്നതോടെ പാലത്തിന്റെ ആയുസ്സ് 30 വർഷംകൂടി വർധിക്കും. ആദ്യ ബൈപാസായ മീഞ്ചന്ത–-എരഞ്ഞിപ്പാലം മിനി ബൈപാസിൽ മാങ്കാവ് പുഴക്ക് കുറുകെ നിർമിച്ച 19.4 മീറ്റർ നീളമുള്ള പാലത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദീർഘദൂര ബസുകളും ലോറികളുൾമുൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. വാഹനങ്ങൾ ഇടിച്ച് കൈവരികൾ പലയിടത്തും തകർന്നിട്ടുണ്ട്. ഇതെല്ലാം പുതുക്കി നിർമിക്കും.
നിലവിലെ കോൺക്രീറ്റ് ഇളക്കിമാറ്റി കാഥോഡിക് സംരക്ഷണം നൽകും. ഇതോടൊപ്പം സ്പാനുകളും ബലപ്പെടുത്തും. പാലത്തിന് അഞ്ച് സ്പാനുകളാണുള്ളത്.
നഗരത്തിലെ മേൽപ്പാലങ്ങളുടെ നവീകരണത്തിന് തുടക്കം കുറിച്ച സിഎച്ച് മേൽപ്പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫ്രാൻസിസ് റോഡിലെ എ കെ ജി മേൽപ്പാലത്തിന്റെ നവീകരണവും പുരോഗമിക്കുന്നു.