മുഖ്യമന്ത്രിക്ക് വിമാനത്തിൽ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

news image
Jan 7, 2023, 7:49 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും പൊലീസ് വിളിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂറിനോടാണ് തിരുവനന്തപുരം ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 12 ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ വർഷം ജൂൺ 13 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയത്. സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ചാറ്റ് പുറത്താവുകയും കെഎസ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്.

ചാറ്റ് പുറത്തായിട്ടും നടപടി എടുക്കുന്നില്ലെന്ന് കാണിച്ച് ഷാഫിക്കെതിരെ നടപടി ആവശ്യപ്പെട്ട് നൂസൂറിൻറെയും ബാലുവിൻറെയും നേതൃത്വത്തിൽ 12 നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ആ കത്ത് മാധ്യമങ്ങൾക്ക് കിട്ടുകയും ചെയ്തു. ചാറ്റ് ചോർച്ചയിൽ നുസൂർ സംശയ നിഴലിലാണെന്ന് ചില നേതാക്കൾ സൂചിപ്പിച്ചു. പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിനിടെ വനിതാ അംഗത്തിൻറെ പീഡന പരാതി പുറത്തായതിന് പിന്നിൽ ബാലുവാണെന്ന് അന്ന് നടപടി നേരിട്ട വിവേക് നായർ ആരോപിച്ചതും വിവാദമായി. ശിബിരം പരാതി വിവാദത്തിന് പിന്നാലെ ചാറ്റ് ചോർച്ചയും യൂത്ത് കോൺഗ്രസിൽ തർക്കത്തിലേക്ക് നയിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് നുസൂറിനെയും ബാലുവിനെയും യൂത്ത് കോൺഗ്രസ് സസ്പെന്റ് ചെയ്തു.

കെപിസിസി പ്രസിഡന്റ് സുധാകരൻ അടക്കം ആവശ്യപ്പെട്ടിട്ടും ഇവർക്കെതിരായ നടപടി യൂത്ത് കോൺഗ്രസ് പിൻവലിച്ചിട്ടില്ല. അതിനിടെ സംഘടനയുടെ ദേശീയ നേതൃത്വം കഴിഞ്ഞമാസം നുസൂറിനും ബാലുവിനുമെതിരായ നടപടി പിൻവലിക്കുകയും ചെയ്തു. നുസൂറിനോട് ഇടഞ്ഞ് നിൽക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടപടി പിൻവലിച്ച് ഇരുവരെയും സംഘടനയിലേക്ക് തിരികെയെടുക്കുമെന്നാണ് വിവരം.

ചാറ്റ് ചോർച്ച വിവാദം കത്തിയതോടെയാണ് നുസൂർ കരിങ്കൊടി കേസിൽ പ്രതിസ്ഥാനത്ത് എത്തിയത്. ഈ മാസം 12 ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പൊലീസ് നുസൂറിന് നോട്ടീസ് നൽകിയത്. ഈ ദിവസം തന്നെ കൊച്ചിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. നുസൂറിനും ബാലുവിനും എതിരായ നടപടി ഈ യോഗത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe