‘മോശമായി പ്രതികരിച്ചത് ഫോണില്‍ പകര്‍ത്തി, ഡിലീറ്റ് ചെയ്യാതെ പുറത്തുവിടില്ലെന്ന് പറഞ്ഞു’; അന്ന രാജന്‍ പറയുന്നു

news image
Oct 7, 2022, 5:50 am GMT+0000 payyolionline.in

ഒരു സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫീസ് ജീവനക്കാരില്‍ നിന്ന് നടി അന്ന രാജന് ഉണ്ടായ ദുരനുഭവം ഇന്നലെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു സിം ഡൂപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയതായിരുന്നു നടി. പൊലീസില്‍ പരാതിയുമായി എത്തിയിരുന്നുവെങ്കിലും ജീവനക്കാര്‍ മാപ്പ് പറഞ്ഞതോടെ കേസുമായി മുന്നോട്ടുപോകേണ്ടെന്നും അന്ന രാജന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിവരിക്കുകയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അന്നയുടെ പ്രതികരണം.

ദുരനുഭവം വിവരിച്ച് അന്ന രാജന്‍

എനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്നു അറിയാം. എങ്കിലും ഞാൻ തന്നെ വിവരങ്ങൾ പങ്കുവെക്കുകയാണ്. ഒരു സ്വകാര്യ ടെലികോം സേവന കേന്ദ്രത്തില്‍ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഞാൻ ഇന്നലെ അവരുടെ അലുവ ഓഫീസിൽ പോയിരുന്നു. അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപെട്ടു  അവിടത്തെ സ്റ്റാഫുകളിൽ നിന്ന് എനിക്ക് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു.

അവിടുത്തെ ലേഡി മാനേജർ എന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ അത് കസ്റ്റമർ കെയറിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനായി ഞാൻ അവിടെ നടന്നത് ഫോണിൽ പകർത്തി. ഞാൻ എടുത്ത ഫോട്ടോ ഡിലീറ്റ് ആക്കാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജർ ലേഡി പറഞ്ഞതിനെ തുടർന്നു സ്റ്റാഫ്‌ ചേർന്നു ഷോറൂമിന്റെ ഷട്ടർ താഴ്ത്തി. ഫോട്ടോ ഡിലീറ്റ് ചെയ്യാതെ പുറത്തുപോകാൻ ആവില്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. തുടർന്നു ഷട്ടർ തുറന്ന് എന്നെ പോകാൻ അനുവദിക്കണം എന്നും എന്നാൽ ഞാൻ ഫോട്ടോ ഡീലീറ്റ് ചെയ്തോളാം എന്നും അഭ്യർത്ഥിച്ചു.

എന്നാൽ ഞാൻ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തിൽ ജീവനക്കാർ. മറ്റു കസ്റ്റമേഴ്സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടർ തുറന്ന് പ്രവർത്തിക്കണം എന്നും പോലീസ് വന്നിട്ടു ഞാൻ ഇറങ്ങിക്കോളാം എന്നും ഞാൻ അവരെ അറിയിക്കുകയും ചെയ്തു. ഉള്ളത് പറഞ്ഞാൽ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തിൽ ഞാൻ വല്ലാതെ പേടിച്ചു എന്നു തന്നെ പറയാം. സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോൾ തോന്നിയ ധൈര്യത്തിന് എന്റെ പപ്പാടെ കൂടുകാരും സഹപ്രവർത്തകരുമായ രാഷ്ട്രിയ പ്രവർത്തകരെ വിളിച്ചു. (പപ്പ മരിക്കുന്നതുവരെ കോൺഗ്രസ്‌ പ്രവർത്തകനും, ആലുവയിൽ കൗൺസിലർ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്). തുടർന്ന് അവരുടെയെല്ലാം സഹായത്തോടെ  ആലുവ പൊലീസ് സ്റ്റേഷനിൽ  ചെല്ലുകയും, രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഷോറൂം ജീവനക്കാർ നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി നടന്ന കാര്യങ്ങളിൽ ഖേദം പ്രകടിപ്പികുകയും മാപ്പ് പറയുകയും ചെയ്തു.

 

എനിക്ക് സംഭവിച്ചത് ഇനി ഒരാൾക്ക്‌ സംഭവിക്കരുത് എന്നാണ്. ഒരു ആവശ്യത്തിനായി കസ്റ്റമർ സമീപിക്കുമ്പോൾ ഇങ്ങനെ പെരുമാറുന്നത് മോശം ആണ്. അക്രമവും ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ. ഒരാൾക്കും ഈ അവസ്ഥ നേരിടേണ്ടി വരരുത്. All Are Equal. ഒരു നടിയാണ് എന്നു വെളിപെടുത്തിക്കൊണ്ടല്ല ഞാൻ അവിടെ പോയത്, സാധാരണ കസ്റ്റമർ ആയിട്ടാണ്.  ആ നിമിഷം എനിക്കുണ്ടായ വേദന, അതു പൊലെ ഈ ചെയ്തത് തെറ്റാണെന്ന അവരുടെ തിരിച്ചറിവിന് വേണ്ടിയാണ് പരാതി കൊടുത്തത്. ഈ പ്രശ്നത്തിന്റെ പേരിൽ അവിടെ ജോലി ചെയ്യുന്ന ആരുടെയും ജീവിതം തകർക്കണമെന്നോ അവരുടെ ജോലിയെ ഇതു ബാധിക്കണമെന്നോ എനിക്കില്ല. ഒരു നിമിഷത്തേക്ക് ഭയന്നുപോയെങ്കിലും എന്റെ അവകാശങ്ങളിൽ ഉറച്ചു നിൽക്കാൻ പപ്പാടെ സ്ഥാനത്തു നിന്ന് എനിക്ക് കരുതൽ തന്നു കൂടെ നിന്ന രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും വേണ്ട ലീഗൽ സപ്പോർട്ട് തന്ന പോലീസിനും മാധ്യമ പ്രവർത്തകർക്കും ഒരുപാട് നന്ദി. At the end of the day, Equality served well is a success to Humanity.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe