യുഎഇയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം

news image
Oct 22, 2022, 4:48 pm GMT+0000 payyolionline.in

അബുദാബി: ഈ വര്‍ഷം അവസാനത്തിന് മുമ്പ് യുഎഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഇത്തരം കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയില്‍ നിന്ന് ഒരു സ്വദേശിക്ക് മാസത്തില്‍ 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കി വര്‍ഷത്തില്‍ 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.

അതേസമയം സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുണ്ട്. ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3,750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കും. സ്വദേശിവത്കരണ തോത് രണ്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന കമ്പനിക്ക് 1200 ദിര്‍ഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിര്‍ഹവുമാണ് വര്‍ക് പെര്‍മിറ്റ് ഫീസ്. ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കി നല്‍കും.

യുഎഇയില്‍ 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണം പാലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 50 ജീവനക്കാരിലധികമുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിബന്ധന. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ഓരോ 50 ജീവനക്കാര്‍ക്കും ആനുപാതികമായി രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം. ഇങ്ങനെ 2026ഓടെ പത്ത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe