ലഹരികടത്ത്, ‘ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂര്‍; ഇന്‍റര്‍പോള്‍ സഹായം തേടും

news image
Oct 6, 2022, 4:42 pm GMT+0000 payyolionline.in

മുംബൈ: ആയിരത്തി നാനൂറ് കോടിയിലേറെ രൂപയുടെ ലഹരി മരുന്ന് കടത്തിയ കേസിൽ ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മലപ്പറം സ്വദേശി മൻസൂറെന്ന് ഡി ആർ ഐ. നാല് വർഷമായി സംഘം ലഹരി കടത്ത് നടത്തുകയാണ്. ഇയാളെ പിടികൂടാൻ ഇന്‍റര്‍ പോളിന്‍റെ സഹായവും ഡിആർഐ തേടും. കൊച്ചി, മുംബൈ തുറമുഖങ്ങളിലൂടെ 2018 മുതൽ ലഹരി മരുന്ന് കടത്തുന്ന വൻ സംഘത്തിന്‍റെ ഭാഗമാണ് മൻസൂർ തച്ചംപറമ്പിലും അറസ്റ്റിലായ വിജിൻ വർഗീസുമെന്നാണ് ഡി ആർ ഐ കണ്ടെത്തൽ. ഇത്തവണ വലൻസിയെ ഓറ‌ഞ്ചെന്ന് പറ‌ഞ്ഞ് 46000 പെട്ടികൾ എത്തിച്ചപ്പോൾ അതിൽ 320 ഉം ലഹരി മരുന്നായിരുന്നു.

ഡി ആർ ഐ പിടികൂടുന്നതിന് തലേന്ന് മൻസൂർ വിജിൻ വർഗീസിനെ വാട്സ് ആപ്പിൽ വിളിക്കുകയും ലഹരി മരുന്ന് പെട്ടികൾ മറ്റൊരിടത്തേക്ക് മാറ്റണമെന്നും പറഞ്ഞു. രാഹുൽ എന്നയാളെ ഇതിനായി നിയോഗിച്ചെന്നാണ് അറിയിച്ചത്. രാഹുൽ അയച്ചതെന്ന് പറഞ്ഞാണ് മഹേഷ് എന്നൊരാൾ ട്രക്കുമായി എത്തിയതും ലഹരി മരുന്ന് കൊണ്ടുപോയതും. വഴിമധ്യേ ഡി ആർ ഐ പിടികൂടുകയും ചെയ്തു. തന്നെ ഒപ്പമുണ്ടായിരുന്ന ഗുജറാത്ത് സ്വദേശി ചതിച്ചതെന്നായിരുന്നു മൻസൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇത് നുണയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മൻസൂറിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ ഇന്‍റര്‍പോളിന്‍റെ അടക്കം സഹായം ഡി ആർ ഐ തേടും. അതേസമയം ലഹരി മരുന്ന് കേസിൽ മറ്റൊരു മലയാളികൂടി ഇന്ന് മുംബൈയിൽ അറസ്റ്റിലായി.

അതേസമയം 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡി ആർ ഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്. ഒരു വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്നാണ് ഇയാൾ മൊഴി നൽകിയത്. ഡോളറിൽ പ്രതിഫലവും നൽകി. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിനിയെ ദില്ലിയിലെ ഒരു ഹോട്ടലിൽ നിന്ന് ഡി ആർ ഐ പിടികൂടിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe