ലഹരിക്കെതിരെ  യുദ്ധപ്രഖ്യാപനം; താക്കീതായി ‘സസ്നേഹം വടകര’ റോഡ്ഷോ

news image
Oct 8, 2022, 3:10 pm GMT+0000 payyolionline.in

വടകര: സമൂഹത്തില്‍ ലഹരി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താനും യുവതലമുറയെ കുഴപ്പത്തിലാക്കുന്ന ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടവുമായി കെ.കെ.രമ എംഎല്‍എയുടെ നേതൃത്വത്തില്‍ വടകര മണ്ഡലത്തില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ സസ്നേഹം വടകരയുടെ ലഹരി വിരുദ്ധ റോഡ്ഷോ ശക്തമായ താക്കീതായി.

എസ്.പി.സി, എന്‍സിസി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ്, സാമൂഹ്യ സന്നദ്ധ സംഘടനകള്‍, കളരിസംഘങ്ങള്‍, പോലിസ്, റവന്യു, ആര്‍.ടി.ഒ, എക്സൈസ് തുടങ്ങിവിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പാര്‍ക്കോ ആശുപത്രി മെഡിക്കല്‍ ടീം, ഫാര്‍മസിസ്റ്റുകള്‍, അഭിഭാഷകര്‍ എന്നിവര്‍ റാലിയില്‍ ഇടംപിടിച്ചു. നിശ്ചല ദൃശ്യങ്ങള്‍, ബാന്‍ഡ്മേളം എന്നിവ റോഡ്ഷോയ്ക്ക് മാറ്റേകി. കെ.മുരളീധരന്‍ എംപി, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. വടകര അഞ്ചുവിളക്ക് ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്ന് തുടങ്ങിയ റോഡ്ഷോ പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. കുറുമ്പയില്‍ ക്ഷേത്രത്തിലെ 80 കുട്ടികളടങ്ങിയ ചെണ്ടമേളം പുതിയ ബസ് സ്റ്റന്‍ഡില്‍ റാലിയെ സ്വീകരിച്ചു. സസ്നേഹം വടകരയുടെ പ്രഖ്യാപനം കെ.മുരളീധരന്‍ എംപി നിര്‍വഹിച്ചു. യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരിക്കെതിയുള്ള വടകര മണ്ഡലത്തിലെ യുദ്ധപ്രഖ്യാപനമാകണം ഇതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളോട് കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണം.

തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായി ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.കെ രമ എംഎല്‍എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ ആയിരം ഹൈഡ്രജന്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി.ഡി ഇ  ഒ ഹെലന്‍, തഹസില്‍ദാര്‍ കെ. പ്രിസില്‍, നഗരസഭ അധ്യക്ഷ കെ.പി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ മാരായ പി.ശ്രീജിത്ത്, ആയിഷ ഉമ്മര്‍, പി പി ചന്ദ്രശേഖരന്‍, ഷക്കീല ഈങ്ങോളി, യുഡിഎഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, എം.സി വടകര, എന്‍.പി അബ്ദുല്ല ഹാജി, നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ്, പുറന്തോടത്ത് സുകുമാരന്‍ പ്രൊഫ.കെ.കെ മഹമൂദ്, കുളങ്ങര ചന്ദന്‍, ഡോ. ശശികുമാര്‍ പുറമേരി, ടി.കെ സിബി,പ്രദീപ് ചോമ്പാല , പി പി  രാജൻ , സുനിൽ  മടപ്പള്ളി, വി  കെ  പ്രേമൻ   തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സസ്നേഹം വടകരയുടെ ജനുവരി 30 വരെ നീളുന്ന ആദ്യഘട്ടത്തില്‍ വിവിധങ്ങളായ പരിപാടികളാണ്   മണ്ഡലത്തിലെ വിവിധ സ്ഥാലങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ലഹരിവിരുദ്ധ കലാജാഥ അടുത്തവാരം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe