ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നടക്കം കുറ്റം ചുമത്തി; സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു

news image
Mar 17, 2023, 5:04 pm GMT+0000 payyolionline.in

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ് എടുത്തു. തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. അതിനിടെ കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ 9 മണിക്കൂർ പിന്നിട്ടു. സ്വപ്നയും സരിത്തും മഹാദേവപുര പൊലീസ് സ്റ്റേഷനിലുണ്ട്. വൈറ്റ് ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിലെത്തുമെന്നാണ് ബെംഗളൂരുവിൽ നിന്നുള്ള വിവരം.

ബംഗളുരുവിൽ നിന്നാണ്  സ്വപ്ന സുരേഷ്  തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെ അടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതിനിടെ സിപിഎം നേരിട്ട് കേസുമായി മുന്നോട്ട് പോവുകയാണ്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ  ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത്  ദുരൂഹമാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.

സ്വപ്ന സംസ്ഥാനത്തിന് പുറത്ത് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കി, പാർട്ടിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും നേരെ തുടർച്ചയായി വെല്ലുവിളി നടത്തുന്നത് എന്ന് സിപിഎം വിലയിരുത്തുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി സ്വപ്നയെ സമ്മർദ്ദത്തിലാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. സ്വർണ്ണക്കടത്തിൽ നേരത്തെ സ്വപ്ന ആരോപണമുയർത്തിയപ്പോൾ കെടി ജലീലിനെ കൊണ്ട് പരാതി നൽകിച്ചത് സമാന രീതിയിലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe