വനിതാ മാധ്യമപ്രവർത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവിന് തടവും പിഴയും

news image
Feb 20, 2024, 11:30 am GMT+0000 payyolionline.in

 

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകയെ തെറിവിളിച്ചതിന് തമിഴ് നടനും ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് ചെന്നൈ ഹൈകോടതി ഒരു മാസത്തെ ജയിൽ ശിക്ഷയും 15000 രൂപ പിഴയും വിധിച്ചു.

സോഷ്യൽ മീഡിയയിലാണ് ഇയാൾ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തത്. 2018ൽ ഒരു ഔദ്യോഗിക പരിപാടിയിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയെ കവിളിൽ തട്ടിയതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ്.വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എസ്.വി ശേഖറിനെതിരായ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈൽ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.

ഇയാൾ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികൾ, വൃത്തികെട്ടവർ എന്നും ഇയാൾ വിശേഷിപ്പിച്ചു. തുടർന്ന് ക്ഷമാപണം നടത്തിയ എസ്.വി. ശേഖർ ഉള്ളടക്കം വായിക്കാതെയാണ് താൻ പോസ്റ്റ് ഷെയർ ചെയ്തതെന്ന് കോടതിയിൽ പറഞ്ഞെങ്കിലും ഇയാളുടെ വാദം കോടതി തള്ളിക്കളഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe