വന്യമൃഗങ്ങളുടെ ആക്രമണം: വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം,പാലക്കാട്ടെ പിടി7നെ പിടികൂടാൻ ശ്രമം തുടരുന്നു

news image
Jan 16, 2023, 4:27 am GMT+0000 payyolionline.in

കൽപ്പറ്റ: വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം. കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കലക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ,നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു.കടുവ ഭീതി നിലനിൽക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്.

അതിനിടെ പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന PT 7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എന്ന് എത്തുമെന്ന് ഇന്നറിയാം. ഇടവേളകളില്ലാതെ വയനാട്ടിൽ പലയിടത്തായി വന്യജീവി ആക്രമണവും പിടികൂടൽ ദൗത്യവുള്ളതാണ് വരവ് വൈകാൻ കാരണം.പിടി സെവനെ പിടികൂടിയാൽ, താമസിപ്പിക്കാനുള്ള കൂട് ധോണി ക്യാമ്പിൽ ഒരുങ്ങിയിട്ടുണ്ട്.

 

അടുത്ത ദിവസങ്ങളിൽ പിടി സെവൻ, മറ്റു ചില ആനകൾക്ക് ഒപ്പം എത്തിയിരുന്നു. കൃഷിയിടത്തിലൂടെ പതിവായി സഞ്ചരിക്കുന്നതും ആശങ്ക കൂട്ടുകയാണ്. ആനയെ ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ RRT യും പാടുപെടുകയാണ്.ആനയെ പിടികൂടാൻ വൈകുന്നതിൽ നാളെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe